പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം. അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ്. വോട്ടെടുപ്പ് നീട്ടിവെച്ചങ്കിലും രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിക്കാത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് വീണ്ടും ഉയരുകയാണ്.
സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാല്‍നൂറ്റാണ്ടായി ചേലക്കര. എന്നാല്‍ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാര്‍ട്ടി തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാര്‍ട്ടി തടയിട്ടിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസുകാരന്‍ ആണ് പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.