Home Kasaragod സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ്; ആദ്യ 2 മണിക്കൂറില്‍ വയനാട്ടിലും ചേലക്കരയിലും 13 ശതമാനത്തോളം പോളിംഗ്

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ്; ആദ്യ 2 മണിക്കൂറില്‍ വയനാട്ടിലും ചേലക്കരയിലും 13 ശതമാനത്തോളം പോളിംഗ്

by KCN CHANNEL
0 comment

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വയനാട്ടില്‍ 12.99 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലും പോളിങ് 13 ശതമാനം പിന്നിട്ടു. വയനാട്ടില്‍ 9.15 വരെയുള്ള കണക്ക് പ്രകാരം ഏറനാട് മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി, 13.91 ശതമാനം. മാനന്തവാടി 12.03%, സുല്‍ത്താന്‍ ബത്തേരി 11.39 %, കല്പറ്റ 12.66 %, നിലമ്പൂര്‍ 12.55 % , വണ്ടൂര്‍ 12.34%, തിരുവമ്പാടി 13.76 ശതമാനവും വോട്ട് രേഖപ്പെടുത്തി.

വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തില്‍ ഇന്‍വാലിഡ് എന്ന് കാണിക്കുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ലും അഗസ്ത്യമുഴിയിലെ 117 ആം നമ്പര്‍ ബൂത്തിലുമാണ് തകരാര്‍ ഉണ്ടായത്.

കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ ആറ്, ബിഹാറില്‍ നാല്, രാജസ്ഥാന്‍ ഏഴ്, അസമില്‍ അഞ്ച്, കര്‍ണാടകയില്‍ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തര്‍ പ്രദേശില്‍ ഒന്‍പതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 20 ലേക്ക് മാറ്റിയിരുന്നു.

You may also like

Leave a Comment