Thursday, November 21, 2024
Home Kerala പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി നടപടികള്‍ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി നടപടികള്‍ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

by KCN CHANNEL
0 comment


അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ കോടതികള്‍ നിലവിലുള്ള നാലെണ്ണത്തില്‍ നിന്നും ഏഴായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി നിലവിലുള്ള സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡുകളുടെ യൂണിറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സെക്രട്ടറിയേറ്റ് ലയം ഹാളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലന്‍സ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ കോടതികള്‍ നിലവിലുള്ള നാലെണ്ണത്തില്‍ നിന്നും ഏഴായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വകുപ്പിന്റെ ജില്ലാതല വിജിലന്‍സ്, മോണിറ്ററിംഗ് കമ്മിറ്റി സമയബന്ധിതമായി കൂടണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ആശ്വാസ സഹായത്തിന്റെയും മിശ്രവിവാഹത്തിന് നല്‍കുന്ന ധനസഹായത്തിന്റെയും കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ കേന്ദ്രത്തിന് നല്‍കിയിട്ടുള്ളതായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു യോഗത്തില്‍ അറിയിച്ചു.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ആശ്രിതനിയമനം മറ്റ് വകുപ്പുകളില്‍ കൂടി നടത്തുന്നതിനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ധന വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment