Thursday, November 21, 2024
Home Kerala പാലക്കാട് ജയിക്കുമെന്ന് മുന്നണികള്‍; 10000 ലീഡ് നേടുമെന്ന് യുഡിഎഫ്, 8000 ഭൂരിപക്ഷമെന്ന് ബിജെപി; ഇടതിനും പ്രതീക്ഷ

പാലക്കാട് ജയിക്കുമെന്ന് മുന്നണികള്‍; 10000 ലീഡ് നേടുമെന്ന് യുഡിഎഫ്, 8000 ഭൂരിപക്ഷമെന്ന് ബിജെപി; ഇടതിനും പ്രതീക്ഷ

by KCN CHANNEL
0 comment

പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളുടെ മാലപ്പടക്കം തീര്‍ത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് പൂര്‍ത്തിയായപ്പോള്‍, പാലക്കാട് മണ്ഡലത്തില്‍ മൂന്ന് മുന്നണികളും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. നഗരത്തിലെ പോളിംഗ് വര്‍ദ്ധനയില്‍ പ്രതീക്ഷ വയ്കുന്ന എന്‍ഡിഎ, 8000ത്തിലേറെ വോട്ടിന് ജയിക്കും എന്നതിന്റെ കണക്ക് നിരത്തുകയാണ്. നഗരസഭയില്‍ ഒപ്പത്തിനൊപ്പവും പിരായിരിയില്‍ ശക്തമായ മേല്‍കൈയും ഉറപ്പെന്ന് വാദിക്കുന്ന യുഡിഎഫ് മാത്തൂരില്‍ കൂടി മുന്നേറ്റമുണ്ടാക്കി ജയിച്ചുവരുമെന്നാണ് വിശദീകരിക്കുന്നത്. അഞ്ചക്ക ഭൂരിപക്ഷം എന്ന അവകാശവാദം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട് നേതാക്കള്‍. ത്രികോണ മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നിലായെന്നും പി സരിന്റെ സാധ്യതയാണ് തെളിഞ്ഞു വരുന്നതെന്നെന്നും സമര്‍ത്ഥിക്കുകയാണ് എല്‍ഡിഎഫ്.

പാലക്കാട്ട് 70.51 എന്ന പോളിംഗ് ശതമാനത്തില്‍ മൂന്ന് മുന്നണികളും സന്തുഷ്ടരല്ല. ഉപതെരഞ്ഞെടുപ്പായിട്ടും എഴുപതില്‍ താഴെ പോയില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നുണ്ട് നേതാക്കള്‍. കഴിഞ്ഞ തവണ പാലക്കാട് നഗരത്തിലുണ്ടായിരുന്ന 6237 വോട്ടായി ഭൂരിപക്ഷം കുറഞ്ഞത് ഇ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയായത് കൊണ്ടെന്ന് യുഡിഎഫ് പറയുന്നു. ലോക്‌സഭയില്‍ കൃഷ്ണകുമാര്‍ മത്സരിച്ച സമയത്ത് അത് വെറും 497 വോട്ടിന്റെ ലീഡ് ആയി ചുരുങ്ങിയതും ഓര്‍മിപ്പിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പേ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ കിട്ടിയ 9707 വോട്ടിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി അന്നും 70 ശതമാനമായിരുന്നില്ലേ പോളിംഗ് എന്ന വാദവും യുഡിഎഫ് ഉന്നയിക്കുന്നു. പത്ര പരസ്യം, പെട്ടിവിവാദം ഒക്കെ എല്‍ഡിഎഫിനെ തിരിച്ചടിച്ചെന്നും ന്യൂനപക്ഷത്തിന്റെ വോട്ട് പൂര്‍ണമായും സമാഹരിക്കാനായി എന്നും യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. ചുരുക്കിപറഞ്ഞാല്‍ നഗരസഭയില്‍ എന്‍ഡിഎയ്ക്ക് ഒപ്പത്തിനൊപ്പം, പിരായിരിയില്‍ വലിയ മേല്‍ക്കൈ, മാത്തൂരില്‍ എല്‍ഡിഎഫിനെ മറികടക്കും അങ്ങനെ ഭൂരിപക്ഷം പതിനായിരം കടത്തും എന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

നഗരസഭയിലെ പോളിംഗ് വര്‍ധനയില്‍ പ്രതീക്ഷ വയ്ക്കുകയാണ് എന്‍ഡിഎ. ബിജെപി ശക്തികേന്ദ്രമായ മൂത്താന്‍തറ കോഴിപ്പറമ്പ് വടക്കന്തറ, കറുകോടി എന്നിവിടങ്ങളില്‍ നല്ലപോളിംഗ് നടന്നതോടെ നഗരസഭയില്‍ മാത്രം 5000 വോട്ടിന്റെ ലീഡെന്നാണ് ബിജെപി അവകാശവാദം. യുഡിഎഫ് വോട്ടില്‍ അടിയൊഴുക്കുണ്ടായി. സിപിഎം വോട്ടുയര്‍ത്തുകയും യുഡിഎഫ് 45000ത്തില്‍ താഴെ വരികയും ചെയ്യുന്നതോടെ ബിജെപി 55000 വോട്ട് നേടുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍.

നിലവില്‍ കണ്ണാടി പഞ്ചായത്തില്‍ മാത്രം വ്യക്തമായ മേല്‍കൈ ഉള്ള സിപിഎം പ്രതീക്ഷിക്കുന്നത് ഡോ പി സരിന്‍ എന്ന സ്ഥാനാര്‍ത്ഥിയിലും ഒപ്പം തെരഞ്ഞെടുപ്പിനിടെ മെനഞ്ഞ തന്ത്രങ്ങളിലുമാണ്. സന്ദീപ് വാര്യരെ ഏറ്റെടുത്ത കോണ്‍ഗ്രസിനെ തുറന്ന് കാണിക്കാനായതോടെ ന്യൂനപക്ഷം ഒപ്പം നില്‍ക്കുമെന്നും ഷാഫി വ്യക്തി പ്രഭാവം കൊണ്ട് നേടിയിരുന്ന ഇടത് മതേതര വോട്ടുകള്‍ ഇക്കുറി എല്‍ഡിഎഫിന്റെ പെട്ടിയില്‍ തന്നെ വീഴുമെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. ബിജെപിയിലെയും കോണ്‍ഗ്രസിലെയും അസ്വസ്ഥരുടെ വോട്ടുകള്‍ കൂടി തനിക്ക് കിട്ടിയെന്ന് വാദിക്കുന്ന സരിന്‍ ഇക്കുറി അട്ടിമറി ഉറപ്പെന്ന് വാദിക്കുന്നു.

You may also like

Leave a Comment