നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവര്‍ത്തകര്‍ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എന്‍ഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി രാഹുല്‍ എല്‍ഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇന്ധനപ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും രാഹുല്‍ കടന്നാക്രമിച്ചിരുന്നു.
എല്‍ഡിഎഫും പ്രചാരണത്തിന് ഒട്ടും പിന്നില്‍ അല്ല. കണ്ണൂര്‍ ധര്‍മടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ കളം നിറഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന ലാപ്പ് ആവേശത്തിലാണ്.




