900 വാഗ്ദാനങ്ങളില്‍ 97% നടപ്പാക്കി; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചു. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലൈഫ് മിഷന്‍, പട്ടയം നല്‍കല്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയ പ്രധാന നേട്ടങ്ങള്‍ എടുത്തുപറഞ്ഞു.

കണ്ണൂര്‍: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്.

ഭൂമിയും വീടും ജനങ്ങള്‍ക്ക് യാഥാര്‍ഥ്യമാക്കിയതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതായി പറഞ്ഞു. കൂടാതെ, നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്‍കിയ സര്‍ക്കാര്‍ 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാന്‍ നടപടികള്‍ കൈക്കൊണ്ടതായും ഭരണസേവനങ്ങള്‍ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 82 ലക്ഷം അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കിയതായും പി എസ് സി വഴി 3,13,202 നിയമനങ്ങള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, 2,66,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top