നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് പുല്ലൂര്‍ പെരിയ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്രയും പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (SVEEP) പദ്ധതിയുടെ ഭാഗമായി ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത് – വോട്ടായനം 2026’ എന്ന പേരിലായിരുന്നു പ്രചാരണ പരിപാടി.
പെരിയ ടൗണില്‍ നിന്നുമാരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്ര പെരിയ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ മൈതാനത്ത് നടന്ന ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ വോട്ടിംഗിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാനും മണ്ഡലത്തില്‍ നൂറു ശതമാനം പോളിങ് ഉറപ്പാക്കാനുമാണ് വേറിട്ട കായിക മത്സരം സംഘടിപ്പിച്ചത്. പുല്ലൂര്‍ പെരിയ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി. പ്രീതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സരോജി സ്വാഗതം പറഞ്ഞു.
ബ്ലോക് കോര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ്, മുരളി, മനീഷ്, ശാലിനി, വിജിത എന്നിവര്‍ നേതൃത്വം നല്‍കി. വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ വരും ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.




