ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചില്‍ തുടരുന്നു

ചിക്കമഗളൂരുവില്‍ കാണാതായ 15കാരിക്കായുള്ള തെരച്ചില്‍ തുടരുന്നു, അന്വേഷണം മറ്റുതലങ്ങളിലേക്കും, കേരള പൊലീസ് സംഘവും സ്ഥലത്തെത്തി

കര്‍ണാടകത്തിലെ ചിക്കമഗളുരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും.

ചിക്കമഗളൂരു: കര്‍ണാടകത്തിലെ ചിക്കമഗളുരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കള്‍ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തില്‍ ആ ദിശയിലും അന്വേഷണം ഉണ്ടാകും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ ചിക്കമഗളുരുവില്‍ തന്നെ തുടരുകയാണ് മാതാപിതാക്കള്‍.

മലയടിവാരത്തില്‍ നിന്ന് മുകളിലേക്കാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. തെരച്ചിലിനായി കേരളത്തില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. നാലംഗ പൊലീസ് സംഘമാണ് കേരളത്തില്‍ നിന്ന് ചിക്കമഗളൂരുവിലെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്. പൊലീസ്, വനം വകുപ്പ്, അഗ്‌നിരക്ഷാ സേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താന്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല. ശ്രീനന്ദയ്ക്കായുള്ള തെരച്ചില്‍ ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.

Scroll to Top