ആര്‍ട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയില്‍ മടങ്ങിയെത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.37ന് സാന്‍ഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തില്‍ ഒറൈണ്‍ പേടകം സ്പാഷ്ഡൗണ്‍ ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകള്‍ക്കുള്ള ഒരു ചവിട്ടുപടിയായാണ് ആര്‍ട്ടെമിസ് ടു പദ്ധതിയെ ശാസ്ത്രലോകം കാണുന്നത്.
അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആര്‍ട്ടെമിസ് 2 ദൗത്യം ബഹിരാകാശചരിത്രത്തിലെ ഒരു സുവര്‍ണാധ്യായമാണ്. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 4.05 -ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്നാണ് സ്പേസ് ലോഞ്ച് സിസ്റ്റം എന്ന റോക്കറ്റിലുറപ്പിച്ച ഒറൈണ്‍ പേടകത്തില്‍ നാല് സഞ്ചാരികളുടെ ചാന്ദ്രദൗത്യത്തിന് തുടക്കമായത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.
ആദ്യ രണ്ടു ദിവസം രണ്ടുവട്ടം ഭൂമിയെ വലംവച്ചശേഷമാണ് ഒറൈയോണ്‍ പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏപ്രില്‍ 6 രാത്രി 11.32ന് പേടകത്തിലെ സഞ്ചാരികള്‍ ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് നേടി. 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഏപ്രില്‍ ഏഴിന് പുലര്‍ച്ചെ പന്ത്രണ്ടേകാലോടെ ആരംഭിച്ച ലൂണാര്‍ ഫ്ളൈബൈ ഏഴു മണിക്കൂറോളം നീണ്ടു. പുലര്‍ച്ചെ 4.14ന് പ്രതീക്ഷിക്കപ്പെട്ടതു പോലെ 40 മിനിട്ട് സമയം പേടകവും ഭൂമിയുമായുള്ള സിഗ്‌നല്‍ ബന്ധം തടസ്സപ്പെട്ടു. പേടകം ചന്ദ്രനെ വലയംവയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ മറുപകുതിയിലെത്തിയപ്പോഴായിരുന്നു സിഗ്‌നല്‍ തടസ്സം. പുലര്‍ച്ചെ 4.32ന് ചന്ദ്രോപരിതലത്തില്‍ നിന്നും പേടകം ഏറ്റവും അടുത്തുനില്‍ക്കുന്ന, 6545 കിലോമീറ്ററിലേക്ക് പേടകമെത്തി. പുലര്‍ച്ചെ 53 മിനിറ്റ് സമയം നീണ്ടു നിന്ന സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികള്‍ സാക്ഷിയായി. ചന്ദ്രനിലെ ഏറ്റവും വലിയ ഗര്‍ത്തമായ ഓറിയന്റലെ ബേസ് അഥവാ ഗ്രാന്‍ഡ് കനെയ്ന്‍ ഇതാദ്യമായി സഞ്ചാരികള്‍ നേത്രങ്ങള്‍ കൊണ്ട് കണ്ടതും യാത്രയിലെ അപൂര്‍വ അനുഭവമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായും യാത്രയില്‍ സഞ്ചാരികള്‍ സംസാരിച്ചു. അപൂര്‍വമായ നിരവധി ചിത്രങ്ങളാണ് യാത്രയില്‍ സഞ്ചാരികള്‍ പകര്‍ത്തിയത്.
ദൗത്യത്തില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യത്തെ വനിതയായി ക്രിസ്റ്റീന കോച്ചും ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി വിക്ടര്‍ ഗ്ലോവറും ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി കനേഡിയനായ ജെറമി ഹാന്‍സനും മാറി. ഭാവിയില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന ആര്‍ട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായി ഒറയോണ്‍ പേടകത്തിലെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായി പരീക്ഷിക്കാനും ആര്‍ട്ടെമിസ് ടു ദൗത്യത്തിനായി. യാത്രയില്‍ നാല് പേര്‍ക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ടായിരുന്നു. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റര്‍ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാര്‍ഡും.




