ഇസ്രയേല്‍ ആക്രമണം തുടങ്ങി; വിപണികള്‍ക്ക് തീ പിടിക്കും


സ്വര്‍ണം, വെള്ളി വിലകള്‍ കുതിച്ചുയര്‍ന്നേക്കും. ഇനിയുള്ള ദിവസങ്ങളില്‍ എണ്ണ വിലയും പിടിവിട്ടു ഉയരാന്‍ സാധ്യത

നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം, ഇസ്രായേല്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ യുദ്ധവിമാനങ്ങള്‍ ഇറാനിലെ ചില പ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഈ മിസൈലുകളെ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് നഗരങ്ങളില്‍ വലിയ ശബ്ദങ്ങള്‍ കേട്ടത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇസ്രായേലും ഇറാനും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനു മുന്‍പ് ഇറാന്‍ ഇസ്രായേലിന് നേരെ വലിയ രീതിയില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിന് മറുപടിയായാണ് ഇപ്പോള്‍ ഇസ്രായേല്‍ ഈ നീക്കം നടത്തിയിരിക്കുന്നത്.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഇറാന്റെ സൈനിക താവളങ്ങള്‍, മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍.വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെ ആണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത് . ഇറാന്റെ ആണവ നിലയങ്ങളോ എണ്ണ ഖനികളോ ഇസ്രായേല്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഇനിയെന്ത് സംഭവിക്കും?

ഈ ആക്രമണം മേഖലയില്‍ വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇറാന്‍ ഇതിന് ശക്തമായ മറുപടി നല്‍കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഈ സംഘര്‍ഷം ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ (പെട്രോള്‍, ഡീസല്‍) വിലയെയും ഓഹരി വിപണിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ലോകം മുഴുവന്‍ ഈ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്.

സ്വര്‍ണം, വെള്ളി വിലകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ട്. അസംസ്‌കൃത എണ്ണ വില കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കയറിയും, ഇറങ്ങിയും ഇരിക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ എണ്ണ വില പിടിവിട്ടു ഉയരാന്‍ സാധ്യത ഉണ്ട്. ഇത് ഇന്ത്യയിലെ സാധാരണക്കാരന്റ്റെ വയറ്റത്തടിക്കും.

Scroll to Top