സാന്‍ മാവിലയുടെ മൂന്നാമത്തെ കവിതാ സമാഹാരം മാര്‍ജാരസരസന്‍ പ്രകാശനം ചെയ്തു


തിരുവല്ല: യുവകവി സാന്‍ മാവിലയുടെ മൂന്നാമത്തെ കവിത സമാഹാരമായ മാര്‍ജാരസരസന്‍ പ്രകാശനം ചെയ്തു. തിരുവല്ല മാര്‍ത്തോമ്മ കോളേജ് ക്യാമ്പസില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെയും യൂണിയന്‍ ഉദ്ഘാടനത്തിന്റെയും വേദിയില്‍ വെച്ച് സാംസ്‌കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. വൈകുന്നേരം 05.30 നായിരുന്നു ചടങ്ങ് നടന്നത്.

അന്തര്‍ദേശീയ തലത്തിലുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ പുസ്തകം. പ്രശസ്ത അമേരിക്കന്‍ ചിത്രകാരന്‍ ലാറി സ്റ്റോഡാര്‍ഡാണ് കവര്‍ ആര്‍ട്ട് നിര്‍വ്വഹിച്ചിരിക്കുന്നത്. കനേഡിയന്‍ ചിത്രകാരി ഇല്‍ഡിക്കോ ഇ ടൊറോക്ക് തയ്യാറാക്കിയ സാനിന്റെ ഛായാചിത്രവും പുസ്തകത്തിലുണ്ട്. മലയാള കവിതാലോകത്ത് വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധേയനായ സാന്‍ മാവിലയുടെ മുന്‍പത്തെ സമാഹാരങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇന്നലെ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെയും യൂണിയന്‍ ഉദ്ഘാടനത്തിന്റെയും വേദിയിലെ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സര്‍വകലാശാല പ്രതിനിധികളും സന്നിഹിതരായിരുന്നു.

പത്തനംതിട്ട ജില്ലയിലെ
ഇലന്തൂര്‍ സിപിഎഎസ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സാന്‍ മാവില. കവിയും നോവലിസ്റ്റും നാടകകൃത്തുമായ സാന്‍ മാവിലയുടെ നാലാമത്തെ പുസ്തകമാണ് മാര്‍ജാരസരസന്‍.

കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം HSS ല്‍ വെച്ചാണ് സാന്‍ കവിതലോകത്തേക്ക് ആദ്യത്തെ കാല്‍വെപ്പ് നടത്തുന്നത്. കാസര്‍കോട് ജില്ലയിലെ GHSS പട്‌ലയിലെ ഹൈസ്‌കൂള്‍ പഠന കാലത്ത് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. കയ്പ്പ് എന്ന കവിതസമാഹാരം പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. വത്സന്‍ പീലിക്കോട് പ്രകാശനം ചെയ്തു.

തന്‍ബിഹുല്‍ ഇസ്ലാം HSS ലെ പാഠ്യാന്തരീക്ഷത്തില്‍ രണ്ടാമത്തെ പുസ്തകത്തിന് പിറവി കൊണ്ടു. തീ എന്ന കവിതാസമാഹാരം പ്രശസ്ത ചിന്തകനും അധ്യാപകനുമായ നാരായണന്‍ പേരിയ മാഷ് പ്രകാശനം നിര്‍വഹിച്ചു.

ബ്രണ്ണന്‍ കോളേജില്‍ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരിക്കെയാണ് മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ലാസ്റ്റ് സ്റ്റോപ്പ് എന്ന നോവല്‍ പ്രശസ്ത എഴുത്തുകാരന്‍ ഷിനി ലാലിന്റെ അവതാരികയോടെ പ്രശസ്ത നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ പ്രകാശനം നിര്‍വഹിച്ചു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ പഠനത്തിനിടെ നിരവധി നാടകങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും പുഞ്ചിരി വിപ്ലവം എന്ന നാടകത്തിന് കണ്ണൂര്‍ സര്‍വ്വകലാശാല യുവജനോത്സവത്തില്‍ തെരുവ് നാടക വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ സി പി എ എസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ രണ്ടാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ഒപ്പം, ഡിസ്റ്റന്‍സായി IGNOU University യില്‍ സാമൂഹൃശാസ്ത്രം, പി ജി, പഠിക്കുന്നു.

സാന്‍ മാവില കാസര്‍ഗോഡ് ജില്ലയിലെ പട്‌ലയിലാണ്. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ –
കയ്പ്പ് ( കവിതാ സമാഹാരം)
തീ ( കവിതാ സമാഹാരം)
ലാസ്സ് സ്റ്റോപ് ( നോവല്‍)

മാതാപിതാക്കള്‍ :
അസ്ലം മാവില, സബീത പള്ളിക്കാല്‍
സഹോദരങ്ങള്‍ : സബാഹ്, സമീഹ്, റൈഹാന്‍.

ഹിബാഷിക പബ്ലിക്കേഷനാണ് പുസ്തക പ്രസാധകര്‍.

Scroll to Top