സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷ നിരീക്ഷിക്കാന്‍ പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌ട്രോങ് റൂമുകളുടെ സമീപത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും.
സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ സമയം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ കത്ത് നല്‍കി.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരുന്നത്.

തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടമാരുടെ പോളിങ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായത്. സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള സ്ത്രീ വോട്ടര്‍മാരില്‍ 81.19 ശതമാനം പേരും വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാരുടേത് 75.19 ശതമാനം മാത്രമാണ്. മുന്നണികളുടെ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും മുതല്‍ രാഷ്ട്രീയ കാരണങ്ങളും സ്ത്രീകള്‍ കൂട്ടത്തോടെ ബൂത്തിലെത്താന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നല്‍കിയ കണക്കനുസരിച്ച് ആകെയുളള 1,39,21,868 സ്ത്രീ വോട്ടര്‍മാരില്‍ 1,13,03,164 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ-പുരുഷ വോട്ടര്‍മാരുടെ പോളിങ് ശതമാനം തമ്മില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമുണ്ട്. വോട്ട് കണക്ക് നോക്കിയാല്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ 13.6 ലക്ഷം കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ വോട്ട് ചെയ്തതായി കണാം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 71.86 ശതമാനമായിരുന്നു. അതിനെക്കാള്‍ പത്ത് ശതമാനത്തോളം വര്‍ധനയാണ് ഇക്കുറി നിയമസഭ തെരഞ്ഞടുപ്പില്‍ രേഖപ്പെടുത്തിയത്. സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളില്‍ പോയത് ആകെ 1987ല്‍ മാത്രമാണ്. 80.58 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് അന്ന് ബൂത്തിലെത്തിയത്. പുരുഷ-സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനക്കണക്ക് തമ്മില്‍ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമായാണ്.

Scroll to Top