സംസ്ഥാനത്ത് സ്ത്രീ വോട്ടര്‍മാരുടെ റെക്കോര്‍ഡ് പോളിങ്; 81.19% പേരും വോട്ട് ചെയ്തു

സംസ്ഥാനത്ത് സ്ത്രീ വോട്ടര്‍മാരുടെ റെക്കോര്‍ഡ് പോളിങ്; 81.19% പേരും വോട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടമാരുടെ പോളിങ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള സ്ത്രീ വോട്ടര്‍മാരില്‍ 81.19 ശതമാനം പേരും വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാരുടേത് 75.19 ശതമാനം മാത്രമാണ്. മുന്നണികളുടെ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും മുതല്‍ രാഷ്ട്രീയ കാരണങ്ങളും സ്ത്രീകള്‍ കൂട്ടത്തോടെ ബൂത്തിലെത്താന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നല്‍കിയ കണക്കനുസരിച്ച് ആകെയുളള 1,39,21,868 സ്ത്രീ വോട്ടര്‍മാരില്‍ 1,13,03,164 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ-പുരുഷ വോട്ടര്‍മാരുടെ പോളിങ് ശതമാനം തമ്മില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമുണ്ട്. വോട്ട് കണക്ക് നോക്കിയാല്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ 13.6 ലക്ഷം കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ വോട്ട് ചെയ്തതായി കണാം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 71.86 ശതമാനമായിരുന്നു. അതിനെക്കാള്‍ പത്ത് ശതമാനത്തോളം വര്‍ധനയാണ് ഇക്കുറി നിയമസഭ തെരഞ്ഞടുപ്പില്‍ രേഖപ്പെടുത്തിയത്. സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളില്‍ പോയത് ആകെ 1987ല്‍ മാത്രമാണ്. 80.58 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് അന്ന് ബൂത്തിലെത്തിയത്. പുരുഷ-സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനക്കണക്ക് തമ്മില്‍ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമായാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിച്ച ക്ഷേമപെന്‍ഷന്‍ മുതല്‍ ഇന്ദിരാ ഗ്യാരന്റിയിലൂടെ വനിതകളെ ആകര്‍ഷിക്കാനുളള യുഡിഎഫിന്റെ വിവിധയിനം പദ്ധതികള്‍ വരെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന വാ?ഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. അന്‍പത് ശതമാനം സ്ത്രീകള്‍ക്കും തൊഴില്‍, കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര, 35നും അറുപതിനും ഇടയില്‍ പ്രായമുളള മറ്റ് ആനുകൂല്യങ്ങള്‍ കിട്ടാത്ത സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷന്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ സഹായം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

Scroll to Top