‘സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച’; മലബാറില്‍ കുറയും, 78-82 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സിപിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും എക്സിക്യൂട്ടീവിന്റേതുമാണ് വിലയിരുത്തല്‍. 78 മുതല്‍ 82 സീറ്റ് വരെ ലഭിക്കുമെന്നുമാണ് സിപിഐയുടെ പ്രതീക്ഷ. 2021നേക്കാള്‍ സീറ്റ് മലബാറില്‍ കുറയുമെന്നും തെക്കന്‍- മധ്യ കേരളത്തില്‍ തിരിച്ചടിയുണ്ടാകില്ലെന്നും സിപിഐ വിലയിരുത്തി.
ന്യൂനപക്ഷ വോട്ടില്‍ ഒരു വിഭാഗം ഒപ്പം നിന്നു. ഈഴവ വോട്ട് എല്‍ഡിഎഫിന് സമാഹരിക്കാന്‍ കഴിഞ്ഞെന്നും നേതൃയോഗം വിലയിരുത്തി. അതേസമയം മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായാണ് സിപിഐ വിലയിരുത്തല്‍.
ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്.
എല്‍ഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എസ്ഡിപിഐ വോട്ട് വേണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യന്റെ വോട്ടാണ്. ജനങ്ങള്‍ എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പാക്കിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.




