എല്‍ നിനോ പ്രതിഭാസം രാജ്യത്തെ കാലവര്‍ഷത്തെ ബാധിക്കും; ചൂട് വര്‍ധിക്കും: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

എല്‍ നിനോ പ്രതിഭാസം രാജ്യത്തെ കാലവര്‍ഷത്തെ ബാധിക്കും; ചൂട് വര്‍ധിക്കും: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എല്‍-നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എല്‍ നിനോ. നിലവില്‍ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വേനല്‍ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് വര്‍ധിക്കുകയാണ്. കേരളത്തില്‍ ഇന്ന് മുതല്‍ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ സാധാരണയെക്കാള്‍ 2 to 3 °C വരെ വര്‍ധിക്കാ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

Scroll to Top