നിതിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം

നിതിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍,റാമിന്റെ ക്ലിനിക് അടച്ച് DYFI
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം. പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡ് വലിച്ച് കീറി ഡിവൈഎഫ്ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു. അതേസമയം അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കും. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പതാക ഉയര്‍ത്തിയാണ് സംഘടന രൂപീകരിക്കുന്നത്.

ഡെന്റല്‍ കോളേജിലേക്ക് പട്ടികജാതി ക്ഷേമസമിതി പ്രതിഷേധം നടത്തി. നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ശേഖരിച്ച് വരികയാണ്. പ്രത്യേക മെയില്‍ ഐ ഡി ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിക്കുന്നത്. ഇതുവരെ 150 ലേറെ പരാതികളാണ് അധ്യാപകര്‍ക്കെതിരെ ലഭിച്ചത്. ഡോ റാം ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്.

റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രകടനമായി കോളേജിലേക്ക് എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്നത്. ‘അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്. ആദ്യം ഇതില്‍ കണ്ണീര്‍ പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു’, എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

കോളേജില്‍ പിടിഎ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് രക്ഷിതാക്കളും പ്രതികരിച്ചു. രക്ഷിതാക്കളെ വ്യക്തിപരമായി വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും പിടിഎ ജനറല്‍ബോഡിയോ മറ്റ് യോഗങ്ങളോ കോളേജില്‍ വിളിക്കാറില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

പിടിഎ ഭാരവാഹികള്‍ ആരാണെന്ന് അറിയില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. എല്ലാം കടലാസില്‍ മാത്രം ഒതുങ്ങുന്ന സംവിധാനമാണ് ഇവിടെയുള്ളതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നിലവില്‍ റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി അന്വേഷണ സമിതിക്ക് പരാതി നല്‍കാനിരിക്കുകയാണ് രക്ഷിതാക്കള്‍. നിതിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. റാമിനെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം കേസ് ലോണ്‍ വിഷയത്തില്‍ ഒതുക്കാന്‍ ശ്രമം നടക്കുകയാണെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു. നിതിന്‍ മരിച്ചത് ലോണ്‍ ആപ്പിന്റെ പേരിലാണെന്നാണ് എസ് പി പറയുന്നത്. ടോര്‍ച്ചര്‍ ചെയ്താണ് അവനെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് രാജന്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും രാജന്‍ പറഞ്ഞു.

‘എസ്പിയുടെ പ്രതികരണം വേദനിപ്പിച്ചു. സിദ്ധാര്‍ത്ഥിന്റെയും രോഹിത് വെമുലയുടെ കേസ് പോലെ ഇതും ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ ലോണ്‍ എടുത്താണ് പഠിക്കുന്നത്. ഞങ്ങള്‍ കൂലിപ്പണിക്കാരാണ്. എല്ലാ ദിവസവും ജോലിയുണ്ടായെന്നു വരില്ല. ലോണ്‍ ആപ്പിലോ മൈക്രോഫിനാന്‍സിലോ ലോണെടുത്ത് പഠിക്കേണ്ടിവരും. എസ്പി ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കണം. അവന്റെ അമ്മ രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. അങ്ങനെ ഒന്ന് രണ്ട് തവണ ലോണ്‍ മുടങ്ങിയിട്ടുണ്ട്. മാനേജ്മെന്റിനെ സംരക്ഷിക്കാനാണ് ശ്രമം’, രാജന്‍ പറഞ്ഞു.

Scroll to Top