തിരു. മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. അടിയന്തര അന്വേഷണം വേണമെന്നും ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാണ് ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.
കഴിഞ്ഞമാസം 17-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടിത്തം ഉണ്ടായത്. 36 ബെഡുകളുള്ള സര്‍ജിക്കല്‍, ട്രോമാ ഐസിയു വാര്‍ഡുകളാണ് ഒഴിപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും വാര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനായില്ല. നിലവില്‍ ഏഴ്, എട്ട് വാര്‍ഡുകളില്‍ മുണ്ട് വലിച്ചുകെട്ടിയാണ് സര്‍ജിക്കല്‍ ട്രോമാകെയര്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാഷ്വാലിറ്റിയില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് ഐസിയു ബെഡ്ഡുകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഗുരുതര പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സര്‍ജിക്കല്‍ വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും കത്ത് നല്‍കി. കാലതാമസത്തിന് പിന്നില്‍ പിഡബ്ല്യുഡി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം ക്ലിയറന്‍സ് നല്‍കാത്തതാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.




