കാസര്‍ഗോഡ് : പാര്‍ലമെന്റില്‍ വനിതാ സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ബാലക്കോട്ടും ഓപ്പറേഷന്‍ സിന്ദൂറും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജാലവിദ്യയാണെന്നും മോദി പിടിക്കപ്പെട്ടുവെന്നും പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അതീവ ഗുരുതരവും അപലപനീയവും ഭാരത സൈന്യത്തെയും നമ്മുടെ രാജ്യത്തെയും നമ്മുടെ സര്‍ക്കാരിനെയും അപമാനിക്കുന്നതുമാണ്. ഭാരതത്തിന് നേരെ ആക്രമണം നടത്തുന്ന ഭീകരവാദികളെ പിന്തുണയ്ക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്നും എല്ലാകാലത്തും പ്രസ്താവന ഉണ്ടാകാറുള്ളത്. കാശ്മീരില്‍ നിരപരാധികളും നിരായുധരുമായ ഭാരതീയര്‍ക്ക് നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്ത ഭീകരവാദികളെയും ഭീകരസംഘടനക്കളെയും ലക്ഷ്യമിട്ടാണ് ഭാരതം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. രാജ്യത്തെ ഒട്ടനവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുക്കളഞ്ഞ് അവരെ വിധവകളാക്കിയവര്‍ക്കുള്ള തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂരിനെ പോലും ജാലവിദ്യ എന്ന് പരാമര്‍ശിച്ചതിലൂടെ രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ – ഭാരത വിരുദ്ധ നിലപാടാണ് വ്യക്തമാകുന്നതെന്നും അശ്വിനി ചൂണ്ടിക്കാട്ടി.




