തൃശൂരില്‍ സ്ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടര്‍ച്ചയായി സ്ഫോടനം; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി

തൃശൂരില്‍ സ്ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടര്‍ച്ചയായി സ്ഫോടനം; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് സ്ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടരെത്തുടരെ സ്ഫോടനം. തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്തിച്ചേരാനാകാത്ത സാഹചര്യമാണുളളത്. വലിയ സ്ഫോടന ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറവും കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്തെ പാടങ്ങളില്‍ പടക്കങ്ങള്‍ തെറിച്ചുവീണ് പൊട്ടുന്ന സാഹചര്യവുമുണ്ട്. തിരുവനമ്പാടി ഭാഗത്തിന്റെ വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശിന്റെ പേരിലാണ്. ഇയാളും അപകടത്തില്‍ പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

അതേസമയം, രണ്ടുപേരുടെ കൂടെ മരണം സ്ഥിരീകരിച്ചു. ഇതോടെ അപകടത്തില്‍ മരണം അഞ്ചായി. എട്ടുപേരുടെ നില അതീവഗുരുതരമാണ് എന്നാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം തൃശൂര്‍ മെഡിക്കല്‍ കോളേജുള്‍പ്പെടെ ആശുപത്രികളില്‍ ചികിത്സയിലാണ്. എത്രപേര്‍ അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിരന്തരം പൊട്ടിത്തെറികള്‍ നടക്കുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. തൊട്ടടുത്തുളള പാടത്ത് നിശ്ചിത അകലം പാലിച്ചാണ് ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നത്.

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് മുണ്ടത്തിക്കോട് ആദ്യ സ്‌ഫോടന ശബ്ദം കേട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ആറ് സ്റ്റേഷനുകളില്‍ നിന്നാണ് ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശം നല്‍കി.

Scroll to Top