വയനാടിന്റെ ‘പ്രിയങ്ക’രി ഏറെ മുന്നില്‍, പ്രിയങ്ക ഗാന്ധി 114746 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് 114746 വോട്ടിന്റെ ലീഡായി. മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതിലും നാലിരട്ടി അധികം വോട്ട് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മുന്നില്‍. ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യു ഡി എഫ്.
ഈ തരത്തില്‍ ലീഡ് മുന്നോട്ട് പോകുകയാണെങ്കില്‍ കഴിഞ്ഞ തവണ രാഹുല്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്ക് പ്രിയങ്ക എത്തുമെന്നാണ് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നത്.വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ലീഡാണ് പ്രിയങ്ക ഗാന്ധി നിലനിര്‍ത്തുന്നത്. ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്.
വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്.
യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.