കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായി അടച്ചെന്ന് ഇറാന്‍

ഒന്നിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്. ഖഷം ദ്വീപ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍. ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് പൂര്‍ണമായി അടച്ച് ഇറാന്‍. കപ്പലുകള്‍ക്ക് പൂര്‍ണ നിരോധനം.

ടെഹ്‌റാന്‍: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം. ഒന്നിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസ്, തെക്കന്‍ നഗരമായ കാര്‍ഗനിലും സിരികിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് പൂര്‍ണമായി അടച്ചെന്ന് ഇറാന്‍ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകള്‍ക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുന്നു
ഇറാന്റെ അനാവശ്യവും തുടര്‍ച്ചയായതുമായ ആക്രമണത്തിന്റെ ഫലമായാണ് ഇന്നത്തെ ആക്രമണങ്ങളെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വിശേഷിപ്പിച്ചത്. ഇറാനിലെ ഒന്നിലധികം ലക്ഷ്യങ്ങള്‍ക്കെതിരെ തങ്ങളുടെ സേന കൂടുതല്‍ സ്വയം പ്രതിരോധ ആക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചു
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയിട്ടുണ്ടെന്നും അതിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യം വയ്ക്കുമെന്നും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡ് പറയുന്നു. ഏപ്രില്‍ മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ആവര്‍ത്തിച്ച് ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആരോപിച്ചു. ഈ നിമിഷം മുതല്‍, മേഖലയിലെ അരക്ഷിതാവസ്ഥ കാരണം, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നു എന്നാണ് അറിയിപ്പ്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകള്‍ക്കും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കപ്പെടും. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോര്‍മൂസ് കടലിടുക്ക്. ഹോര്‍മുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.

Scroll to Top