സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയില്‍ തര്‍ക്കങ്ങള്‍. പദ്ധതിക്ക് ആവശ്യമായ പണം മുന്‍കൂറായി അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടും, മുന്‍കൂര്‍ തുകയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന കെഎസ്ആര്‍ടിസിയുടെ നിലപാടുമാണ് തര്‍ക്കത്തിന് കാരണം.
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് തര്‍ക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മുന്‍കൂര്‍ തുക അനുവദിക്കണം എന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇന്ധന സബ്‌സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. സീറോ ടിക്കറ്റ് പരിശോധിച്ച് ഓരോ മാസവും അവസാനം ചെലവായ തുക കെഎസ്ആര്‍ടിസിക്ക് നല്‍കാമെന്നാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
എന്നാല്‍, അത് കോര്‍പറേഷനെ ബാധിക്കും. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയില്‍ 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. പ്രിയദര്‍ശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം ഉണ്ടാകും. ഇതോടെ ഇപ്പോഴുള്ള സബ്‌സിഡി കമ്പനികള്‍ ഒഴിവാക്കുമോ എന്ന ആശങ്ക കെഎസ്ആര്‍ടിസിക്കുണ്ട്. ഒന്നെങ്കില്‍ മുന്‍കൂറായി പണം നല്‍കണം. അല്ലെങ്കില്‍ ഓരോ ദിവസം ടിക്കറ്റുകള്‍ നോക്കി ചെലവായ തുക നല്‍കണം എന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഈ കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോയിട്ടില്ല. കൂടുതല്‍ ചര്‍ച്ച നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഉത്ഘാടന യാത്രയില്‍ മുഖ്യമന്ത്രിയും
അതേസമയം, പ്രിയദര്‍ശിനി ഉത്ഘാടന യാത്രയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും. തിങ്കളാഴ്ച തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ വി ഡി സതീശന്‍ സഞ്ചരിക്കും. തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് ഉദ്ഘാടന യാത്ര. പ്രിയദര്‍ശിനി ബസില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമയി ‘പ്രിയദര്‍ശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂണ്‍ 15 മുതലാണ് നടപ്പിലാകുക.




