കാല്‍പന്തിന്റെ മഹാപൂരം; 48 രാജ്യങ്ങള്‍, 104 പോരാട്ടങ്ങള്‍;

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇക്കുറി അരങ്ങൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങള്‍ (അമേരിക്ക, കാനഡ, മെക്‌സിക്കോ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

മെക്‌സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. കളിമുറ്റങ്ങളില്‍ ഇനി ആവേശത്തിന്റെ പന്തുരുളും. ഫിഫ ലോകകപ്പിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇക്കുറി അരങ്ങൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങള്‍ (അമേരിക്ക, കാനഡ, മെക്‌സിക്കോ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങള്‍ നടക്കും.48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ഫുട്‌ബോള്‍ ലോകത്തിന്റെ പുതിയ രാജാക്കന്മാരെ നിശ്ചയിക്കുന്ന ഫൈനല്‍ മത്സരം ജൂലൈ 19-ന് ന്യൂയോര്‍ക്കില്‍ നടക്കും.

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവര്‍ കിരീടം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. കന്നി ലോകകപ്പ് സ്വപ്നവുമായി പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്‌സും എത്തുമ്പോള്‍, അട്ടിമറി വീര്യവുമായി മൊറോക്കോയും ജപ്പാനും അണിനിരക്കുന്നു.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളുടെ വിടവാങ്ങല്‍ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ ലോകകപ്പിന്. ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍, ലൂക്ക മോഡ്രിച്ച് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ഇനിയൊരു ലോകകപ്പ് വേദിയില്‍ കാണാനായേക്കില്ല. അതേസമയം ലാമിന്‍ യമാല്‍, നിക്കോ പാസ് തുടങ്ങിയ യുവതുര്‍ക്കികളുടെ പുത്തന്‍ താരോദയങ്ങള്‍ക്കും ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിച്ചേക്കും. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷിക വേളയിലാണ് അവിടെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ചരിത്രപ്രസിദ്ധമായ ആസ്‌ടെക് സ്റ്റേഡിയത്തില്‍ ഷക്കീറയുടെ സംഗീതവിരുന്ന്
മത്സരത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് വിസ്മയകരമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രശസ്ത കൊളംബിയന്‍ ഗായിക ഷക്കീറ ആയിരിക്കും ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനവും ഷക്കീറ ചടങ്ങില്‍ അവതരിപ്പിക്കും. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയും മറഡോണയും ലോകകിരീടമുയര്‍ത്തിയ ചരിത്രപ്രസിദ്ധമായ മെക്‌സിക്കോയിലെ ആസ്‌ടെക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഇതോടെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കൂടുതല്‍ തവണ വേദിയാകുന്ന സ്റ്റേഡിയമെന്ന റെക്കോര്‍ഡും ആസ്‌ടെക് സ്റ്റേഡിയത്തിന് സ്വന്തമാകും.

മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക: കണക്കുകള്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്ന അഞ്ചാമത്തെ മത്സരമാണിത്. മുന്‍പ് ഏറ്റുമുട്ടിയതില്‍ രണ്ട് കളിയില്‍ മെക്‌സിക്കോയും ഒരു കളിയില്‍ ദക്ഷിണാഫ്രിക്കയും ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

Scroll to Top