ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനമത്സരത്തിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയിലുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ പരിക്കേറ്റ ശ്രേയസിനെ കാണാന്‍ താരത്തിന്റെ മാതാപിതാക്കള്‍ സിഡ്‌നിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകനോടൊപ്പം ചേരുന്നതിന് ശ്രേയസിന്റെ മാതാപിതാക്കള്‍ അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ അലക്സ് കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് സംഭവം. മനോഹരമായ ക്യാച്ചിന് ശേഷം ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഡ്രസ്സിങ് റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.




