മൊഗ്രാല്‍ പുഴയോരത്ത് ജലാശയത്തിലേക്കും, കടലോരത്തും വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

മൊഗ്രാല്‍. അശാസ്ത്രിയമായ മാലിന്യ സംസ്‌കരണം സംബന്ധിച്ച് ദിവസേന പത്രങ്ങളില്‍ വാര്‍ത്തയാണ്. വ്യാപാരസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരെ ജില്ലാ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് വലിയ തോതില്‍ പിഴ ചുമത്തുമ്പോള്‍ മൊഗ്രാല്‍ പുഴയിലെ ജലാശയത്തിലും, കടലോരത്തും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല.

മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് ഒരു വലിയ ദുരന്തമായി നില്‍ക്കുകയും, നിരവധി പേര്‍ ദിവസേനയെന്നോണം മരണത്തിന് കീഴടങ്ങുകയും ചെയ്യുമ്പോഴും അത് ജലാശയത്തിലൂടെയാണ് പടരുന്നതെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലും കൂടിയാകുമ്പോള്‍ ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പുഴയോര- കടലോരവാസികള്‍ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം മാതൃകയെന്നാണ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറയുന്നത്. വീടുകളില്‍ നിന്ന് ഇ- മാലിന്യ ശേഖരണം തുടങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ക്ക് നല്‍കാതെ വലിച്ചെറിയല്‍ സംസ്‌കാരം ശീലമാക്കിയവരാണ് പുഴയോര ജലാശയത്തിലേക്കും, കടല്‍ തീരത്തേക്കും മാലിന്യം വലിച്ചെറിയുന്നത്. മാലിന്യ വിഷയത്തില്‍ സര്‍ക്കാര്‍ ഒരുപാട് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. എന്നിട്ടും ജനങ്ങള്‍ ബോധവാന്മാരല്ല എന്നതിന്റെ തെളിവാണ് മൊഗ്രാല്‍ പുഴയോരത്തെ ജലാശയങ്ങളിലെ മാലിന്യ കൂമ്പാരം.

വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വീട്ടുടമകള്‍ക്ക് കെട്ടിട നികുതിയില്‍ നിന്ന് 5% ഇളവു അനുവദിക്കാന്‍ പോലും തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്ക് ഈയിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എന്നിട്ടും ചിലര്‍ ഈ വലിച്ചെറിയല്‍ സംസ്‌കാരം നിര്‍ത്തുന്നില്ല.

ജില്ലയില്‍ പലഭാഗത്തും ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് മാലിന്യം റോഡരികയും തള്ളുന്നവരുണ്ട്. ഗ്രാമീണ റോഡരികിലൊക്കെ ഇത് കാണാനും കഴിയും. വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളുന്നത് ഈയിടെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ബദിയടുക്കയിലും, കുമ്പള ഷിറിയയിലും കഴിഞ്ഞ ദിവസമാണ് അശാസ്ത്രീയമായ മാലിന്യനിക്ഷേപവും, വലിച്ചെറിയലും കണ്ടെത്തി എന്‍ഫോഴ് സ്‌മെന്റ് സ്‌ക്വാഡ് പിഴ ഈടാക്കിയത്. 5,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഇത്തരത്തില്‍ പിഴ ചുമത്തുന്നത്. പല സ്ഥലങ്ങളിലും സിസിടിവിയുടെ അഭാവം മാലിന്യം വലിച്ചെറിയുന്ന സാമൂഹിക ദ്രോഹികളെ കണ്ടെത്താന്‍ തടസ്സമാവുന്നുമുണ്ട്. മൊഗ്രാല്‍ പുഴയോരത്തും, കടലോരത്തോരത്തും കഴിഞ്ഞയാഴ്ച എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

പൊതുയിടങ്ങളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പിഴയോടൊപ്പം ശിക്ഷാനടപടികള്‍ കൂടി സ്വീകരിക്കണമെന്നാണ് പുഴയോര-കടലോര പ്രദേശവാസികളുടെ ആവശ്യം.

Scroll to Top