കുട്ടികളുടെ ചോദ്യമഴയില്‍ നനഞ്ഞ് ജില്ലാ കളക്ടര്‍

മഴ വന്നാല്‍ അവധി തരണേ…

തൃശ്ശൂര്‍ കളക്ടറേറ്റ് ആണോ കാസര്‍കോട് കളക്ടറേറ്റ് ആണോ കൂടുതല്‍ ഇഷ്ടം? കുട്ടികളുടെ ചോദ്യമഴയില്‍ നനഞ്ഞ് ജില്ലാ കളക്ടര്‍

‘നമസ്‌തേ കളക്ടറില്‍’ തച്ചങ്ങാട് ജി എച്ച് എസ്സിലെ കുട്ടികള്‍ *

തച്ചങ്ങാട് ജി എച്ച് എസ്സിലെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ നേരില്‍ കണ്ടപ്പോള്‍ ചോദിക്കാനേറെയുണ്ടായിരുന്നു. ‘നമസ്‌തേ കളക്ടര്‍ ‘പരിപാടിയിലാണ് കുട്ടികള്‍ കളക്ടറോട് സംവദിച്ചത്.

എന്തും ചോദിച്ചോളൂ എന്ന കളക്ടറിന്റെ ഉറപ്പു കൂടി കിട്ടിയതോടെ മിടുക്കന്മാരുടെയും മിടുക്കികളുടെയും ചോദ്യമഴയില്‍ നനഞ്ഞു കളക്ടര്‍.

മഴ വന്നാല്‍ അവധി തരണേ എന്നതായിരുന്നു ആദ്യ ആവശ്യം.

കളക്ടറാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കളക്ടര്‍ ആയാല്‍ കുട്ടികള്‍ക്ക് അവധി കൊടുക്കാമല്ലോ എന്നും നാലാം ക്ലാസുകാരന്‍ ആദവ് അശോക്.

കളക്ടറുടെ കുട്ടിക്കാലത്തെ പഠനം എങ്ങനെ സിവില്‍ സര്‍വീസ് കരസ്ഥമാക്കാന്‍ സഹായിച്ചു, ഇപ്പോള്‍ വായിക്കാന്‍ സമയം കിട്ടാറുണ്ടോ, ആദ്യമായി കിളിമഞ്ചാരോ കീഴടക്കിയപ്പോള്‍ എന്തായിരുന്നു മനസ്സില്‍.. അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് കളക്ടര്‍ക്ക് ഉത്തരം നല്‍കിയത്. തൃശൂര്‍ കളക്ടറേറ്റ് ആണോ കാസര്‍കോട് കളക്ടറേറ്റാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദ്യത്തിനു മുന്നില്‍ കളക്ടര്‍ ഒന്നു പരുങ്ങിയെങ്കിലും എല്ലാ കളക്ടറേറ്റും ഒരുപോലെ ഇഷ്ടമാണെന്നും കാസര്‍കോട് വികസന സാധ്യതയുള്ള സ്ഥലമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് തന്റെ കളക്ടര്‍ഷിപ്പില്‍ പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് കളക്ടര്‍ കുട്ടികളെ അറിയിച്ചു.പര്‍വ്വതാരോഹണവും ജോലിയും എങ്ങനെ കൊണ്ടുപോകുന്നു എന്നതായിരുന്നു മറ്റൊരു ചോദ്യം.

തന്റെ ബാല്യവും വ്യക്തിവിവരണവും കുട്ടികളോട് പറഞ്ഞ കളക്ടര്‍ ജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവായി എടുക്കണമെന്നും ലഹരി പോലെ തന്നെ അപകടകരമാണ് ഡിജിറ്റല്‍ അഡിക്ഷന്‍ എന്നും പറഞ്ഞു.

സ്‌കൂളിനു മുന്നിലെ റോഡില്‍ സിബ്ബ്രാലൈനും ഡിവൈഡര്‍ ഇല്ലാത്തതും പ്രശ്‌നമാണെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ മഴ പെയ്‌തൊഴിയുന്ന ഇടവേളയില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.ഹൈസ്‌കൂള്‍ കെട്ടിടം ഓടിട്ടതാണെന്നും അത് മാറ്റി കോണ്‍ക്രീറ്റ് ആക്കി തരണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മ്മിച്ചു നല്‍കാന്‍ നടപടികള്‍ കാസര്‍കോട് വികസന പാക്കേജില്‍ പെടുത്തി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രകൃതിയോട് അടുക്കാന്‍ ശലഭോദ്യാനവും നേച്ചര്‍ പാര്‍ക്കും വേണമെന്ന് ആവശ്യവും കളക്ടറുടെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു.

തങ്ങള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം വേണമെന്ന ആവശ്യമാണ് നാലാം ക്ലാസുകാരന്‍ നൃത്തിക് ബാബുരാജ് ഉന്നയിച്ചത്.

കളക്ടറുടെ വീഡിയോകള്‍ കാണാറുണ്ടെന്നും എല്ലാര്‍ക്കും കൂടി സ്ഥിരമായി കാണാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം വേണമെന്നായിരുന്നു നൃത്തികിന്റെ ആവശ്യം.

കഴിഞ്ഞവര്‍ഷത്തെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ ഇഷാന.എസ്.പാല്‍ വരച്ച കളക്ടറുടെ ഫോട്ടോ സ്‌നേഹപൂര്‍വ്വം കളക്ടറിന് കൈമാറി. തുടര്‍ന്ന് കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത കളക്ടര്‍ കുട്ടികളോടൊപ്പം ഫോട്ടോ എടുക്കുകയും നമസ്‌തേ കളക്ടറില്‍ പങ്കെടുത്തതിന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.തച്ചങ്ങാട് ജിഎച്ച്എസ്സിലെ ഇരുപതോളം കുട്ടികളും നാല് അധ്യാപകരും ആണ് നമസ്‌തേ കളക്ടര്‍ പദ്ധതിയില്‍ പങ്കെടുത്തത് . അധ്യാപകരായ ടി.മധുസൂദനന്‍, കെ.വി സൗമ്യ, കെ പ്രേമചന്ദ്രന്‍,എച്ച് ഷബ്ന എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.

.ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നമസ്‌തേകളക്ടര്‍.

തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് മറുപടി നല്‍കാനും കളക്ടര്‍ സമയം കണ്ടെത്തുന്നത് കലാലയങ്ങളില്‍ വലിയ ആവേശമാണ് പകര്‍ന്നുനല്‍കുന്നത്. dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Scroll to Top