മുണ്ടത്തിക്കോട് അപകടം: ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നല്‍കും. സിഎംആര്‍ഡിഎഫില്‍ നിന്നും 10 ലക്ഷം എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം രൂപയും നല്‍കും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ഉണ്ടാകും.

ദുരന്തത്തില്‍ മരിച്ചവരില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരില്‍ രണ്ട് പേര്‍ വെന്റിലേറ്ററിലാണ്. ഡിഎന്‍എ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ ഏഴംഗസംഘം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തി. തൃശൂര്‍ പഴയന്നൂര്‍ സ്വദേശി സുദര്‍ശനന്‍, എടപ്പാള്‍ സ്വദേശി മണികണ്ഠന്‍, പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി വാസുദേവന്‍ , കുണ്ടന്നൂര്‍ സ്വദേശി സുവിന്‍, കോട്ടപ്പുറം സ്വദേശി മണികണ്ഠന്‍, ബിജീഷ്, കൊളത്തൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്‍ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്.

മുപ്പതോളം ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ട് പേര്‍ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ വെന്റിലേറ്ററിലാണ്.

Scroll to Top