ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ മനുഷ്യന്റെ കാല്‍, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ:ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയില്‍വേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയില്‍വെ ട്രാക്കില്‍ വെച്ച് ട്രെയിന്‍ ഇടിച്ചശേഷം കാല്‍ ഭാഗം ട്രെയിനില്‍ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.

ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിന്‍ ആണിത്. വിവിധ ജില്ലകളിലൂടെ പോകുന്ന മെമു ട്രെയിന്‍ ആയതിനാല്‍ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിന്‍ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമടക്കം അന്വേഷിക്കും. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കില്‍ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശേധനയടക്കം നടത്തും.

Scroll to Top