ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; 15 മണിക്കൂറായി വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍; മലകയറവെ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ വലഞ്ഞ് പൊലീസ്. 15 മണിക്കൂറായി വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ ക്യു നില്‍ക്കുന്ന അവസ്ഥയാണ്.

മരക്കൂട്ടം മുതല്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകളോളമെന്ന് ഭക്തര്‍ പറഞ്ഞു. നിലവില്‍ പമ്പയില്‍ നിന്ന് ഗണപതി ക്ഷേത്രത്തിലേക്കുള്ള ഫ്‌ലൈ ഓവറിലേക്ക് ഭക്തരെ കടത്തി വിടുന്നില്ല. പമ്പാനടപ്പന്തലില്‍ ഒരു സെക്ഷനില്‍ ഭക്തര്‍ക്ക് നില്‍ക്കേണ്ടി വരുന്നത് 30 മിനിറ്റോളം നേരം. ശബരിമലയില്‍ ദര്‍ശനത്തിന് കോടതി അനുമതി നല്‍കിയത് 90000 തീര്‍ത്ഥാടകര്‍ക്കാണ്.

ഇന്നലെ ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തി 7000 പേരാണ്. തല്‍സമയ ബുക്കിംഗ് താളം തെറ്റിച്ചു. 20000 പേര്‍ക്കായിരുന്നു തല്‍സമയ ബുക്കിംഗ് അനുവദിച്ചിരുന്നത്. ഇരട്ടിയിലധികം പേര്‍ തത്സമയ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്.

സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂര്‍ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാര്‍ ദര്‍ശനം നടത്തിയത്. ദിനംപ്രതി 90,000 പേര്‍ക്കാണ് മല കയറാന്‍ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതല്‍ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂര്‍ ആണ് ശബരിമലയില്‍ ദര്‍ശന സമയം.

Scroll to Top