പാമ്പുകടിയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം: കെ സി വേണുഗോപാല്‍
ആലപ്പുഴ: പാമ്പുകടിയേറ്റ് കായംകുളത്ത് വീട്ടമ്മയും തിരുവനന്തപുരത്ത് കുട്ടിയും മരിച്ച സംഭവത്തില്‍ പിഴവുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെ സി വേണുഗോപാല്‍ എംപി. രണ്ട് പേരെയും ആശുപതിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പാമ്പ് കടിയേറ്റതാണെന്ന് കുടുംബങ്ങള്‍ അറിയിച്ചിട്ടും ആന്റിവെനം നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നതാണ് മരണ കാരണമെന്ന ആരോപണം ആരോഗ്യ മേഖലയുടെ ഗൗരവകരമായ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ച മൂലമുണ്ടായ ഈ മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉടനടി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറാകണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അപകട സാധ്യത പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണം. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റിവെനം സൗകര്യം സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രത്യേകിച്ചും പാമ്പിന്റെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നും ജീവന്‍രക്ഷാ സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും കൃത്യമായ ഇടവേളകളില്‍ ഉറപ്പുവരുത്തണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സംസ്ഥാന തലത്തില്‍ ഹെല്‍പ്പ്ലൈന്‍ ഡെസ്‌ക് ആരംഭിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനായി ഒരു ടോള്‍ ഫ്രീ നമ്പര്‍ അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. പാമ്പുകടിയേറ്റുള്ള ചികിത്സയില്‍ നിര്‍ണ്ണായകമായ ആദ്യ മണിക്കൂറുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനായി ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആധുനികവും ശാസ്ത്രീയവുമായ പ്രത്യേക പരിശീലനം ലഭ്യമാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും, എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ചികിത്സകള്‍ക്ക് വിധേയരായി ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കപ്പെടണം. ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും സമഗ്രമായ ബോധവല്‍ക്കരണ പരിപാടികള്‍ വിപുലീകരിക്കണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.




