വൈകുന്നേരം 6നും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യര്‍ത്ഥിച്ച് KSEB


ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു

തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി.

കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി.

വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.

ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6നും രാത്രി 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം ആറ് മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളില്‍ ക്രമീകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.

എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

Scroll to Top