പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കും.

വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

അതേസമയം, സംസ്ഥാനത്ത് താപനില ഉയര്‍ന്നു തന്നെ തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ , കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാല്‍ ഇന്ന് പാലക്കാട് അടക്കമുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത് . പാലക്കാട് 39.7 ഡിഗ്രി സെല്‍ഷ്യസും കൊല്ലം ജില്ലയിലെപുനലൂരില്‍ 38.6 ഡിഗ്രി സെല്‍ഷ്യസുമാണ് നിലവില്‍ രേഖപ്പെടുത്തിയ താപനില. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. 27 വരെ ഈ കാലാവസ്ഥ തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും 3 പേര്‍ക്ക് സൂര്യാതപമേറ്റു. മലപ്പുറം വണ്ടൂരില്‍ മുറ്റത്ത് കളിക്കുകയായിരുന്ന 4 വയസുകാരി ഇസ ജോണ്‍സന് ശരീരമാസകലവും ജോലിക്കിടെ മലപ്പുറം താനൂരില്‍ യുവാവിന്റെ കൈയ്യിലുമാണ് സൂര്യാതപമേറ്റത്. കൂടാതെ താമരശ്ശേരിയില്‍ ജോലിക്കിടെ സുജേഷ് എന്ന യുവാവിനും പൊള്ളലേറ്റു.

Scroll to Top