നിതിന്‍ രാജിന്റെ ആത്മഹത്യ, ഒന്നാം പ്രതി എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാര്‍ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗൗരവമേറിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാന്‍ ഡോക്ടര്‍ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞിരുന്നു. വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്, അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നത്. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രം?ഗത്തെത്തിയിരുന്നു. എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം നിതിന്‍ രാജിനെതിരെ അധ്യാപകര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ബന്ധുക്കളുടെ പരാതി അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള നിതിന്‍ രാജിന്റെ ശബ്ദസന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അധ്യാപകരുടെ മാനസിക പീഡനവും വിവേചനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

Scroll to Top