വലിയുല്ലാഹി അറബി ഹാജി (റ) മഖാo ഉറൂസ് നേര്‍ച്ച മെയ് 19 മുതല്‍ 24 വരെ
മൊഗ്രാല്‍ : മൊഗ്രാല്‍ കടപ്പുറം വലിയ ജമാഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ വലിയുള്ളാഹി അറബി ഹാജി (റ) അവര്‍കളുടെ പേരില്‍ കാലങ്ങളായി നടത്തി വരുന്ന ചരിത്രപ്രസിദ്ധമായ ഉറൂസ് നേര്‍ച്ച വിശ്വാസികളുടെ ആവേശഭരിതമായ പങ്കാളിത്തത്തോടെ മെയ് 19 മുതല്‍ 24 വരെ വിപുലമായ പരിപാടികളുമായി സംഘടിപ്പിക്കും.
ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് നേര്‍ച്ച വിശ്വാസികളുടെ മനസ്സില്‍ പുതുജീവന്‍ പകരുന്ന പ്രാര്‍ത്ഥനകളും മൗലിദ് പാരായണങ്ങളും മതപ്രഭാഷണങ്ങളും ദിക്റുകളും കൊണ്ട് സമ്പന്നമാകും. കേരളക്കരയിലെ പ്രമുഖ മതപണ്ഡിതന്മാര്‍, സാദാത്തീങ്ങള്‍, പ്രശസ്ത പ്രഭാഷകര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് വലിയ ജനസാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.ആത്മീയ വിജ്ഞാനവും സംസ്‌കാരിക പൈതൃകവും മതസൗഹാര്‍ദ്ദവും കൈമാറുന്ന വേദിയായി ഈ 6 ദിനരാത്രങ്ങള്‍ മാറും.
മഖാo സിയാറത്ത്, വിവിധ തങ്ങള്‍ അവര്‍കള്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനാ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങി ദിവസേന വിവിധ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ നിറഞ്ഞ അന്തരീക്ഷം പള്ളിയങ്കണത്തെ ഭക്തിനിര്‍ഭരമാക്കി മാറ്റും.ദൂരദേശങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ഉറൂസ് നേര്‍ച്ച പ്രദേശത്തിന്റെ സാമൂഹിക-ആത്മീയ ഐക്യത്തിന്റെ പ്രതീകമായി മാറും.
കരുണയുടെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മെയ് 24ന് നടക്കുന്ന വിപുലമായ അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
ജുമുഅ നിസ്‌കാരത്തിനു ശേഷം മഖാo പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സയ്യദ് മുഹമ്മദ് മദനി തങ്ങള്‍ ഉറൂസ് നേര്‍ച്ചയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.പള്ളി കമ്മിറ്റി ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍, മഹല്ല് നിവാസികള്‍ സംബന്ധിച്ചു.
ഉറൂസ് നേര്‍ച്ചയുടെ ഓരോ നിമിഷവും ഭക്തിപൂര്‍ണ്ണവും മനോഹരവുമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകരും, മഹല്ല് നിവാസികളും.
ഫോട്ടോ:മൊഗ്രാല്‍ മഖാം ഉറൂസ് നേര്‍ച്ചയുടെ പോസ്റ്റര്‍ സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ പ്രകാശനം ചെയ്യുന്നു.




