ശാസ്ത്രീയ അടിത്തറ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അത്യാവശ്യമാണ് : എ കെ ശശീന്ദ്രന്‍

ചട്ടഞ്ചാല്‍: വനിതാകൂട്ടായ്മയുടെ കരുത്തില്‍ കുടുംബശ്രീ ഗ്രൂപ്പ് യൂണിറ്റായി അഭിമാനനേട്ടമുണ്ടാക്കിയ ചട്ടഞ്ചാലിലെ സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസിന്റെ നവീകരിച്ച കെട്ടിടവും ഇന്‍ക്യുബേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രീയ അടിത്തറ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അത്യാവശ്യമാണെന്നും പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും സംരക്ഷിക്കാനുള്ള കടമയായി കുടുംബശ്രീ ഏറ്റെടുക്കണമെന്നും എ കെ ശശീന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍ അനീഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഇന്‍ക്യുബേഷന്‍ റൂം ഉദ്ഘാടനം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവും കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കട്ടിങ് മെഷീന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറും പാക്കിംഗ് മെഷീന്‍ ഉദ്ഘാടനം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോടും വാഹനത്തിന്റെ താക്കോല്‍ദാനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറും ത്രെഡ് സ്റ്റിച്ചിങ് മെഷീന്‍ ഉദ്ഘാടനം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കറും നിര്‍വഹിച്ചു.

ഓരോ ജില്ലയിലും വിവിധ മേഖലയിലുള്ള മികച്ച സംരംഭങ്ങളെയാണ് ഇന്‍ക്യുബേഷന്‍ സെന്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. 2003 മുതല്‍ കുടുംബശ്രീയുടെ ഗ്രൂപ്പ് യൂണിറ്റായി ആരംഭിച്ച് കഴിഞ്ഞ 23 വര്‍ഷമായി കാസര്‍കോട് ജില്ലയിലെ പ്രിന്റിംഗ് മേഖലയിലെ സ്ത്രീകളുടെ മുന്നേറ്റമായി മാറാന്‍ കഴിഞ്ഞ സ്വാതി പ്രിന്റിംഗ് പ്രസ്സാണ് ജില്ലയില്‍ ഇന്‍ക്യൂബേഷന്‍ സെന്ററായി തിരഞ്ഞെടുത്തിട്ടുള്ളത്.

ചെമ്മനാട് പഞ്ചായത്ത് കോലാംകുന്നില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ 1500 രൂപ അയല്‍ക്കൂട്ട വിഹിതമായി ഒരു കമ്പ്യൂട്ടറും പ്രിന്ററുമായി ആരംഭിച്ച സ്വാതി പ്രിന്റിംഗ് പ്രസ്സ് ഇന്ന് 65 ലക്ഷത്തോളം ആസ്തിയുള്ള കാസര്‍ഗോഡ് കുടുംബശ്രീ മിഷന്റെ കീഴിലെ ഏറ്റവും വലിയ സംരംഭ മാതൃക കൂടിയാണ്. സെന്ററില്‍ പരിശീലന മികവിനുള്ള സ്മാര്‍ട്ട്‌റൂം സൗകര്യവും, പ്രാക്ടിക്കല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട് .

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭ യൂണിറ്റുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിറ്റുകളെ തെരഞ്ഞെടുത്ത് വിവിധ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് യൂണിറ്റില്‍ നിന്നും പരിശീലനം നല്‍കി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ സഹായം ലഭ്യമാക്കുക എന്നതാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിന്റ കീഴിലുള്ള ചട്ടഞ്ചാല്‍ കുന്നാറയിലെ വ്യവസായ പാര്‍ക്കിലാണ് സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസിന്റെ നവീകരിച്ച കെട്ടിടവും ഇന്‍ക്യുബേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നത്.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീമ അന്‍സാരി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കീല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്‌സണ്‍ രമ ഗംഗധരന്‍ , വാര്‍ഡ് മെമ്പര്‍മാരായ ടി പി നിസാര്‍, രാജന്‍ കെ പൊയിനാച്ചി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ ഡി ഹരിദാസ്, കിഷോര്‍ കുമാര്‍, സിഎം സൗദ, ചെമ്മനാട് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ ടി ജിതിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കര്‍ സ്വാഗതവും സ്വാതി പ്രിന്റിംഗ് പ്രസ്സ് സെക്രട്ടറി കെ പത്മിനി നന്ദിയും പറഞ്ഞു.

Scroll to Top