നിതിന്‍ രാജിന്റെ മരണം; സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു, പ്രധാനപ്രതി റാം ഇപ്പോഴും ഒളിവില്‍


കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയയായ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ സംഗീത നമ്പ്യാര്‍ ഹാജരാകുകയായിരുന്നു. വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി സംഗീതയെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഒന്നാം പ്രതി ഡോ. എം.കെ റാം ഒളിവില്‍ തന്നെയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.റാമിനായി ആന്ധ്രയില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കുന്നു എന്നാണ് നിതിന്‍ രാജിന്റെ കുടുംബത്തിന്റെ ആരോപണം.

അതേസമയം, ഇന്ന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. നടത്തുന്നത് ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള സമരമെന്നാണ് ദളിത് സംഘടനകള്‍ വ്യക്തമാക്കുന്നത്. സമരം പരാജയപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലും കണ്ണൂരും അടക്കം സംഘര്‍ഷം ഉണ്ടായി.കടകമ്പോളങ്ങളും ബാങ്കുകളും മാളുകളും പ്രതിഷേധക്കാര്‍ ബലമായി അടപ്പിച്ചു. കൊല്ലം ചവറ കാരാളിമുക്കില്‍ എസ്എസ്എല്‍സി വാല്യുവേഷന് പോയ അധ്യാപക സംഘത്തിന്റെ വാഹനം തടയുകയുണ്ടായി. ആലപ്പുഴയില്‍ കടയില്‍ കയറി വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്. ഗവിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഉല്ലാസ യാത്രാ ബസ് തടഞ്ഞു. വിഐടി എന്‍ട്രസ് പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ഥികള്‍. തിരുവല്ലയില്‍ കാന്‍സര്‍ രോഗി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു.

Scroll to Top