നാലു രൂപ മുതല്‍ ആറു രൂപ വരെ വില വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂടും. പാലിന് വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാലു രൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന. പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ.
ബുധനാഴ്ച നടക്കുന്ന ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സില്‍ വിലവര്‍ധനവില്‍ അന്തിമ തീരുമാനം ഉണ്ടാകും. പാല്‍ വില കൂട്ടാന്‍ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ മില്‍മയുടെ അപേക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.
പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ല. നേരത്തെ മില്‍മ നല്‍കിയ കത്തിന് അനുകൂല മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് തീരുമാനമെടുത്തതെന്നും അത് ഉടന്‍ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മില്‍മ ആസ്ഥാനത്ത് ഇവര്‍ പ്രതിഷേധിച്ചിരുന്നു.
വില കൂട്ടാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള പറഞ്ഞു.




