ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പൊലീസ് കേസെടുത്തു; ഹൈക്കോടതിയില്‍ ഡിജിപി മറുപടി നല്‍കി

ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പൊലീസ് കേസെടുത്തു; ഹൈക്കോടതിയില്‍ ഡിജിപി മറുപടി നല്‍കി

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളില്‍ പൊലീസ് കേസെടുത്തെന്ന് ഡിജിപി. സംസ്ഥാനത്ത് ആകെ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഡിജിപി ഹൈക്കോടതിയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളില്‍ 101 പേരെ അറസ്റ്റ് ചെയ്തുവെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. തിരുവല്ലയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവത്തിലും മംഗലപുരത്ത് പൊതുഗതാഗതം തടസപ്പെടുത്തിയതിലും കേസ് എടുത്തതായാണ് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഹര്‍ത്താലിലെ അതിക്രമത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന ആക്രണങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുരുന്നു. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ജനജീവിതം തടസപ്പെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലാണ് ഇന്ന് ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ചില സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് ഗതാഗതകുരുക്കുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയാണ് ഗതാഗതക്കുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ (വിഐടിഇഇ) എഴുതേണ്ട വിദ്യാര്‍ത്ഥികളെയും ഹര്‍ത്താല്‍ പ്രതികൂലമായി ബാധിച്ചു.

തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നില്‍ പൊലീസും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊല്ലത്ത് കുണ്ടറയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലിന് പൗരസമൂഹം ഉള്‍പ്പെടെ അറുപതോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചത്.

Scroll to Top