വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

കല്‍പ്പറ്റ: നിര്‍മ്മാണം പുരോ?ഗമിക്കുന്ന ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിര്‍ക്കാരി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ ഏഴു കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി. ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്ന 178 വീടുകളില്‍ ഏഴെണ്ണത്തിന്റെ താക്കോലാണ് കൈമാറിയിരിക്കുന്നത്. ആദ്യമായിട്ടാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറുന്നത്.

താക്കോല്‍ കിട്ടിയെങ്കിലും ഇപ്പോള്‍ താമസം തുടങ്ങില്ലെന്നും ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങളും ഒരുമിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളുവെന്ന നിലപാടിലാണ് നിലവില്‍ താക്കോല്‍ ലഭിച്ച ഏഴ് കുടുംബങ്ങളും. 178 കുടുംബങ്ങള്‍ക്കും ഘട്ടം ഘട്ടമായി മാത്രമേ താക്കോല്‍ കൈമാറുകയുള്ളുവെന്നാണ് ഊരാളുങ്കല്‍ സിഇഒ അരുണ്‍ ബാബു വ്യക്തമാക്കുന്നത്. ക്ലസ്റ്ററുകളായി വീടുകള്‍ കൈമാറും. 178 വീടുകളും രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 56 വീടുകളുടെ കിഫ്‌കോണ്‍ പരിശോധന പൂര്‍ത്തിയായി. പരിശോധന പൂര്‍ത്തിയായ ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ച് ക്ലസ്റ്ററുകളായി വീടുകള്‍ കൈമാറുമെന്നും ഊരാളുങ്കല്‍ സിഇഒ വ്യക്തമാക്കി

ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്കോണും നടത്തുന്ന സംയുക്ത പരിശോധന ഏപ്രില്‍ 20ന് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയായിരുന്നു ആരംഭിച്ചത്. വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരുന്നു. പൂര്‍ണ്ണമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടക്കുന്നത്.

ടൗണ്‍ഷിപ്പില്‍ ഇതുവരെ 308 വീടുകളുടെ വാര്‍പ്പാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് താമസസജ്ജമായ 178 വീടുകള്‍ക്കൊപ്പം തന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Scroll to Top