സ്വയം നിയന്ത്രിക്കണം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ നിര്‍ദ്ദേശവുമായി KSEB

വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂര്‍ണ്ണമായി ഒഴിവാക്കി, പകല്‍ സമയത്തേക്ക് ക്രമീകരിക്കണം

തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട് വെച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വര്‍ദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ചേര്‍ന്ന ഉന്നതതലയോ?ഗ തീരുമാനം അറിയിച്ചുള്ള വാര്‍ത്താക്കുറിപ്പിലാണ് കെഎസ്ഇബി നിര്‍ദ്ദേശം. വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയര്‍ന്നാല്‍ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മര്‍ദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിരൂക്ഷമായ സ്ഥിതിഗതികള്‍ ഉണ്ടാവുന്ന ഘട്ടങ്ങളില്‍, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ 30 മിനിറ്റില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയര്‍ക്ക് ഉന്നതതല യോഗം അനുമതി നല്‍കുകയും ചെയ്തു. സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് എനെര്‍ജി മാനേജ്‌മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചതായും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂര്‍ണ്ണമായി ഒഴിവാക്കി, പകല്‍ സമയത്തേക്ക് ക്രമീകരിക്കണമെന്നാണ് കെഎസ്ഇബിയുടെ പ്രധാന നിര്‍ദ്ദേശം. നിലവിലെ സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കാനും കഴിയുമെന്നും കെഎസ്ഇബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നിര്‍ദ്ദേശിക്കുന്നുണ്ട്. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റര്‍, അയണ്‍, വാഷിംഗ് മെഷീന്‍, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും വൈകുന്നേരം 6 മണി മുതല്‍ 12 മണിവരെയുള്ള സമയത്ത് ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വേനല്‍ കാലത്ത് അന്തരീക്ഷ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നതെന്നും എന്നാല്‍ ഇത് 41 ഡിഗ്രിവരെ കൂടിയതാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിന് കാരണമെന്നും കെഎസ്ഇബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 27-ന് സര്‍വ്വകാല റെക്കോര്‍ഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6-നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23-ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി എന്നും പത്രക്കുറിപ്പിലൂടെ കെഎസ്ഇബി വിശദീകരിച്ചിട്ടുണ്ട്. രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വിപണിയില്‍ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയില്‍ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ഇന്ന് (28.04.2026) വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ശരാശരി വര്‍ദ്ധനയെക്കള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് ജനങ്ങള്‍ ഇന്‍ഡക്ഷന്‍ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായത് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍, രാത്രി 9.30 നുശേഷം അര്‍ദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളില്‍ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഉത്തരവാദിത്ത- ത്തോടെയുള്ള ഊര്‍ജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്നും യോഗം വിലയിരുത്തിയതായി കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. ഊര്‍ജ്ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐ എ എസിന്റെ അധ്യക്ഷതയിലാണ് യോ?ഗം ചേര്‍ന്നത്. കെഎസ്ഇബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ എ എസ്, ഡയറക്ടര്‍മാര്‍, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നതല യോ?ഗത്തില്‍ പങ്കെടുത്തു.

Scroll to Top