ദേശീയപാത 66: നീലേശ്വരം നഗരസഭാ പരിധിയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

ദേശീയപാത 66 നിര്‍മാണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭാ പരിധിയില്‍ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥല സന്ദര്‍ശനം നടത്തി.

നീലേശ്വരം പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കച്ചേരി കടവ് പാലത്തില്‍ നിന്ന് ദേശീയപാതയിലേക്കും തിരിച്ചും വാഹനങ്ങള്‍ സുരക്ഷിതമായി പ്രവേശിക്കുകയും പുറത്ത് കടക്കുകയും ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ദേശീയ പാതയില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുമെന്ന് എന്‍ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു, എന്നാല്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണെന്നും സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നത് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ചൂണ്ടിക്കാട്ടി. ദേശീയ പാതയില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നു കൊടുക്കുനതിനുള്ള സാധ്യതാ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിക്കും മോട്ടോര്‍ വാഹന വകുപ്പിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നീലേശ്വരം പഴയ പാലവും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

പഴക്കം ചെന്ന നീലേശ്വരം പഴയപാലം പൊളിച്ചു പുതിയ പാലം നിര്‍മിക്കേണ്ടത് അനിവാര്യമാണെന്ന്ജില്ലാ കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു.ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പുതിയ പാലം നിര്‍മിക്കുന്നത് പരിഗണിക്കണമെന്ന് ജില്ലാ കലക്ടര്‍ ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു. ചെന്നൈ ഐഐടി വിദഗ്ധസംഘത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രോജക്റ്റ് ഡയറക്ടര്‍ ജില്ലാ കളക്ടറെ അറിയിച്ചു.

നീലേശ്വരത്ത് ദേശീയ പാതനിര്‍മ്മാണം നടക്കുന്ന പ്രദേശം ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

വലിയപറമ്പ്, കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനല്‍, അഴിത്തല, ഏഴിമല നാവിക അക്കാദമി എന്നിവിടങ്ങളിലേക്കും കിനാനൂര്‍-കരിന്തളം, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി ആകാശപാത അനിവാര്യമാണെന്നും ജനപ്രതിനിധികള്‍ കളക്ടറോട് ആവശ്യപ്പെട്ടു. നിര്‍മ്മാണം അവസാന ഘട്ടത്തിലായതിനാല്‍ ആകാശപാത പ്രായോഗികമല്ലെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു

പ്രശ്‌നങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു .

കരുവാച്ചേരിയിലും കളക്ടര്‍ സന്ദര്‍ശനം നടത്തി

പള്ളിക്കര കരുവാച്ചേരിയില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് (FOB) നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചപ്രമേയം സമര്‍പ്പിക്കണം.നഗരസഭാ സെക്രട്ടറിയും തഹസില്‍ദാറും സ്ഥലം പരിശോധിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് എവിടെ വേണമെന്ന് തീരുമാനിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപാത നിര്‍മിക്കാന്‍ ദേശീയ പാതാ അതോറിറ്റിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

മേല്‍ വിഷയങ്ങളില്‍ പുരോഗതി അവലോകനം ചെയ്യുന്നതിന് യോഗം ചേരും

സന്ദര്‍ശനത്തില്‍ ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഗ്, സൈറ്റ് എഞ്ചിനീയര്‍ ഹര്‍കിഷ്, ഇന്‍ഡിപെന്‍ഡന്റ് എഞ്ചിനീയര്‍ ടീം ലീഡര്‍ എച്ച്.ആര്‍. മല്ലികാര്‍ജുന, അസിസ്റ്റന്റ് ഹൈവേ എഞ്ചിനീയര്‍ കെ.കെ. രേഷ്മ, മേഘ കണ്‍സ്ട്രക്ഷന്‍സ് ജനറല്‍ മാനേജര്‍ ശ്രീറാംമൂര്‍ത്തി, സേഫ്റ്റി എഞ്ചിനീയര്‍ വിജയ് റാഥോര്‍, എല്‍.എ. ഡപ്യൂട്ടി കലക്ടര്‍ ലിപു എസ്. ലോറന്‍സ്, എന്‍.എച്ച് ഡപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ ഹക്കീം,ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ പ്രേംരാജ്, തഹസില്‍ദാര്‍ ശശിധരന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍, നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി , വൈസ്. ചെയര്‍മാന്‍ പി.എം സന്ധ്യ, നഗരസഭ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷമീനമുഹമ്മദ്, ഇ ചന്ദ്രമതി, കെ.സതീശന്‍ , കൗണ്‍സിലര്‍മാരായ പി.വി.സതീശന്‍ , പി.യു. രാമകൃഷ്ണന്‍ , ശ്രീധരന്‍ ,വി.വി. പ്രകാശന്‍ ,പി.വി.സുരേഷ് ബാബു, ഹോസ്ദുര്‍ഗ് ഡി വൈ എസ് പി സുരേഷ് ബാബു , ജോയിന്റ് ആര്‍ടിഒ ഗിരീഷ്, മോട്ടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ,നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്‍ വിവിധ കക്ഷി നേതാക്കളായ അഡ്വ. കെ പി നസീര്‍, എറുവാട്ട് മോഹനന്‍ , മാമുനി വിജയന്‍ ,സേതു ബങ്കളം, സുരേഷ് മടിക്കൈ, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ,സുരേഷ് പുതിയേടത്ത് , തുടങ്ങിയവര്‍ കളക്ടരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പങ്കെടുത്തു.

Scroll to Top