മംഗലാപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 ഇമേജ്-ഗൈഡഡ് ലെഫ്റ്റ് മെയിന്‍ കൊറോണറി ആര്‍ട്ടറി (LMCA) ബൈഫര്‍ക്കേഷന്‍ പേഴ്ക്യൂട്ടെയ്‌നിയസ് കൊറോണറി ഇന്റര്‍വെന്‍ഷന്‍ (PCI) പ്രൊസീജറുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റല്‍ വൈദ്യശാസ്ത്ര രംഗത്ത് പുതിയ നേട്ടം കൈവരിച്ചു. ഇന്‍ഡ്യാനയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്ത്വത്തിലുള്ള കാര്‍ഡിയോളജി വിഭാഗമാണ് ഈ സുപ്രധാന നേട്ടത്തിന്റെ ശില്‍പ്പികള്‍.
LMCA ബൈഫര്‍ക്കേഷന്‍ രോഗം എന്നാല്‍ ഹൃദയത്തിന്റെ ഇടത്തേ അറകളിലേക്ക് രക്തം കൊണ്ടുവരുന്ന രക്തധമനിയായ ലെഫ്റ്റ് മെയില്‍ ആര്‍ട്ടറിയില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അതീവ അപകടകരമായ അവസ്ഥയാണ്. ആകെ രോഗികളില്‍ 5% പേരില്‍ മാത്രം കാണപ്പെടുന്ന ഈ രോഗം സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. ഈ രോഗം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനത്തിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ (ബൈപാസ് സര്‍ജറി) നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ പൂര്‍ണമായും ഒഴിവാക്കി നൂതനരീതികളിലൂടെ പരിഹാരം കാണുകയാണ് ഇന്‍ഡ്യാന നടത്തിയിരിക്കുന്നത്. ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് (IVUS), ഒപ്റ്റിക്കല്‍ കൊഹീറന്‍സ് ടോമോഗ്രാഫി (OCT) തുടങ്ങിയ ആധുനിക ഇമേജിംഗ് സാങ്കേതികവിദ്യകള്‍ക്കൊപ്പം റോട്ടാബ്ലേഷന്‍, ഓര്‍ബിറ്റല്‍ അതീരക്ടമി, എക്‌സിമര്‍ ലേസര്‍ കൊറോണറി അതീരക്ടമി (ELCA), ഇന്‍ട്രാവാസ്‌കുലാര്‍ ലിത്തോട്രിപ്‌സി (IVL) പോലുള്ള നൂതന ചികിത്സാ രീതികളും ഇന്‍ഡ്യാനയില്‍ അവലംബിച്ചിട്ടുണ്ട്. ഈ രീതികള്‍ ഫലപ്രദമായി ഉപയോഗിച്ച് അതിസങ്കീര്‍ണ്ണമായ LMCA ബൈഫര്‍ക്കേഷനുകള്‍ ശസ്ത്രക്രിയരഹിതമായി കൂടുതല്‍ കൃത്യതയോടെ ചികില്‌സിച്ചുമാറ്റാന്‍ കഴിഞ്ഞതാണ് ഡോ. യൂസഫിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി സംഘത്തിന്റെ വിജയം. കര്‍ണ്ണാടകയ്ക്ക് പുറമെ വടക്കന്‍ കേരളത്തിലെയും ജനങ്ങള്‍ക്ക് ഈ നൂതന ഹൃദയചികിത്സാരീതികളുടെ സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്,
‘ഈ നേട്ടം ഞങ്ങളുടെ രോഗികള്‍ക്ക് ഞങ്ങള്‍ നല്‍കിയ പ്രതിജ്ഞാബദ്ധതയുടെയും ഞങ്ങളുടെ ടീം അംഗങ്ങളുടെ പ്രാവീണ്യത്തിന്റെയും ഫലമാണ്. വൈദ്യശാസ്ത്രരംഗത്തെ വളര്‍ച്ചയോടൊപ്പം ഇന്‍ഡ്യാനയിലെ ഹൃദയരോഗചികിത്സ കൂടുതല്‍ കൃത്യവും ഫലപ്രദവുമാകുകയാണ്. അതിലൂടെ സങ്കീര്‍ണ്ണമായ ഹൃദയരോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവും വിശ്വാസര്‍ഹമായ കേന്ദ്രമായി ഇന്‍ഡ്യാന മാറുന്നുവെന്നത് ഏറെ അഭിമാനകരമാണ്.’ ഡോ. യുസഫ് കുംബ്ലെ പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി.