എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്.

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു.കേരളത്തില്‍ BLO ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.

അതേസമയം,വിവാദങ്ങള്‍ക്കിടെ എസ് ഐ ആര്‍ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഭരണഘടന ഉത്തരവാദിത്തമാണ് BLO മാര്‍ ചെയ്യുന്നത്. BLO മാര്‍ക്ക് ടാര്‍ഗറ്റ് ഉണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലുടെ ഉത്തരവാദിത്വം പൂര്‍ത്തികരിക്കണം. മഹത്തയ ലക്ഷ്യത്തിലേക്ക് എത്താന്‍ താനും തന്റെ ഓഫീസും പകലോ രാത്രിയോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

97 ശതമാനത്തില്‍ കൂടുതല്‍ ഫോം വിതരണം ചെയ്തു കഴിഞ്ഞു. ഇനി ഫോം തിരികെ ശേഖരിക്കുന്ന നടപടിയാണ്. ബൂത്ത് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇന്നുമുതല്‍ യോഗം ചേര്‍ന്ന് ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സിഇഒ അഭ്യര്‍ത്ഥിച്ചു.

Scroll to Top