‘എന്തോ മഹാതകര്‍ച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട’; സ്വയംവിമര്‍ശനം ശക്തിപ്പെടുത്തുമെന്ന് തോമസ് ഐസക്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് ടി എം തോമസ് ഐസക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത് എന്നും എന്തോ മഹാതകര്‍ച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട എന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് എന്നും ഇനിയുള്ള ദിവസങ്ങളില്‍ തെറ്റുതിരുത്തല്‍ എന്ന കടമ വീണ്ടും ഏറ്റെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് ഒരു വിധിവൈപരിത്യമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ അനുഭാവികളായിട്ടുള്ള ഒരു വിഭാഗം ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട് എന്നും തോമസ് ഐസക് പറഞ്ഞു. എല്‍ഡിഎഫിന്റെ പല കോട്ടകളിലും ഉണ്ടായിട്ടുള്ള വോട്ട് ചോര്‍ച്ച ഇതിനു തെളിവാണ്. സാധാരണഗതിയില്‍ കേരളത്തില്‍ അഞ്ച് വര്‍ഷംതോറുമുള്ള ഭരണമാറ്റം ഇത്തവണ പത്ത് വര്‍ഷം കഴിഞ്ഞാണ് ഉണ്ടായിരിക്കുന്നത്. അതും ഒരു പ്രകടമായ ഭരണവിരുദ്ധ വികാരമില്ലാതെയാണ് ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വയം വിമര്‍ശനത്തിന്റെ പ്രാധാന്യം ഏറുന്നത് എന്നും തോമസ് ഐസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്‍ഡിഎഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് ഒരു വിധിവൈപരിത്യമാണ്. ഒരുകാലത്തും ഇല്ലാത്തവിധമുള്ള സാമൂഹ്യ-ക്ഷേമ വികസനം. അതോടൊപ്പം, അന്യാദൃശ്യമായ പശ്ചാത്തലസൗകര്യ നിര്‍മ്മാണം ഇത്തരമൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല.
ഈ വികസനം തുടരണമോ? അതിന്റെ രാഷ്ട്രീയം എന്ത്? എന്നത് ചര്‍ച്ചയാക്കുന്നതിനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. എന്നാല്‍ യുഡിഎഫിന്റെ ദുഷ്പ്രചാരണത്തിനാണ് മേല്‍കൈ ഉണ്ടായതെന്നു വ്യക്തം. ഇതിലൊന്ന് ബിജെപി – എല്‍ഡിഎഫ് ഡീലിനെക്കുറിച്ച് യുഡിഎഫ് നടത്തിയ നട്ടാല്‍ക്കുരുക്കാത്ത നുണ പ്രചാരണമാണ്.
ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവില്‍ എന്നുള്ളത് പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. മൂന്നിടത്തും എല്‍ഡിഎഫ് ആണ് രണ്ടാം സ്ഥാനത്ത്. 2021-നെ അപേക്ഷിച്ച് യുഡിഎഫിന്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു.
അതോടൊപ്പം ഇടതുപക്ഷ അനുഭാവികളായിട്ടുള്ള ഒരു വിഭാഗം ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്തൂവെന്നുള്ളത് വ്യക്തമാണ്. എല്‍ഡിഎഫിന്റെ പല കോട്ടകളിലും ഉണ്ടായിട്ടുള്ള വോട്ട് ചോര്‍ച്ച ഇതിനു തെളിവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ലായെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
:
യുഡിഎഫ് ഏറെ കൊതിച്ച വിജയം; എം വി രാഘവന്റെ വലംകൈ ഒടുവില്‍ നിയമസഭയില്‍
Kerala
യുഡിഎഫ് ഏറെ കൊതിച്ച വിജയം; എം വി രാഘവന്റെ വലംകൈ ഒടുവില്‍ നിയമസഭയില്‍
ഇനിയുള്ള ദിവസങ്ങളില്‍ കൂട്ടായി ഈ കടമ വീണ്ടും ഏറ്റെടുക്കും. ജനങ്ങളുടെയും പാര്‍ടി അനുഭാവികളുടെയും വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തും.എന്തോ മഹാതകര്‍ച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട. സാധാരണഗതിയില്‍ കേരളത്തില്‍ അഞ്ച് വര്‍ഷംതോറുമുള്ള ഭരണമാറ്റം ഇത്തവണ പത്ത് വര്‍ഷം കഴിഞ്ഞാണ് ഉണ്ടായിരിക്കുന്നത്. അതും ഒരു പ്രകടമായ ഭരണവിരുദ്ധ വികാരമില്ലാതെ തന്നെ. ഈ പശ്ചാത്തലത്തിലാണ് സ്വയം വിമര്‍ശനത്തിന്റെ പ്രാധാന്യം ഏറുന്നത്.
വലിയ ചുമതലകളാണ് പുതിയ പ്രതിപക്ഷത്തിന്റെ ചുമലിലുള്ളത്. ക്ഷേമ കാര്യങ്ങളില്‍ തിരിച്ചുപോക്ക് ഉണ്ടാകില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതു ആരോഗ്യത്തിന്റെയും പൊതു വിദ്യാഭ്യാസത്തിന്റെയും സംരക്ഷണം ഏറ്റെടുക്കേണ്ടതുണ്ട്. കിഫ്ബി വഴി തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുവരുത്തണം. ഇതിനു പുറമേയാണ് യുഡിഎഫ് നല്‍കിയിട്ടുള്ള ഗ്യാരണ്ടികള്‍. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ഉപജാപങ്ങളെ പിന്താങ്ങിയ പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. ഇതുവരെയുള്ള നിലപാടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനുള്ള ശേഷി യുഡിഎഫിന് ഉണ്ടോയെന്ന് കണ്ടറിയണം.
അധ്വാനിക്കുന്നവരുടെയും ബഹുജനങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാട്ടങ്ങള്‍ ഏറ്റെടുക്കണം. മതനിരപേക്ഷതയില്‍ കേരളത്തെ ഉറപ്പിച്ചു നിര്‍ത്തണം. ബിജെപിയെ ഇന്നത്തെ നിലയില്‍ തളച്ചിടുകയല്ല, പുറകോട്ടു തള്ളിനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.ഒരു സംശയവുംവേണ്ട കൊടുങ്കാറ്റുപോലെ നാം തിരിച്ചുവരും.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. 102 സീറ്റാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 35 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. ബിജെപി 3 സീറ്റുകളുമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. കഴക്കൂട്ടം, ചാത്തന്നൂര്‍, നേമം എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.
വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്. മുന്നണിയിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തോറ്റു. സിപിഐഎമ്മിന്റെ ഉരുക്കുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുകയായിരുന്നു.




