‘ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു’; തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് വി അബ്ദുറഹ്‌മാന്‍
മലപ്പുറം : തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍. തിരൂര്‍ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കിയവര്‍ക്ക് നന്ദിയെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറഹ്‌മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിജയ പരാജയങ്ങള്‍ എന്തുതന്നെയായാലും, നിങ്ങളുടെ സ്‌നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്നും വി അബ്ദുറഹ്‌മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം തട്ടകത്തിലേക്ക് തിരികെ വന്ന മന്ത്രി വി. അബ്ദുറഹ്‌മാനും തിരൂരിന്റെ മണ്ണില്‍ രക്ഷയുണ്ടായില്ല. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരില്‍ എതിരാളികളെ നിഷ്പ്രഭരാക്കി കുറുക്കോളി മൊയ്തീന്‍ വിജയക്കൊടി പാറിച്ചു. 24,137 വോട്ടുകളുടെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിനാണ് കുറുക്കോളി രണ്ടാം വട്ടം നിയമസഭയിലെത്തുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജനവിധി അംഗീകരിക്കുന്നു;
തിരൂരിന് നന്ദി… ??
പ്രിയപ്പെട്ടവരേ,
തിരൂര്‍ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ട് നല്‍കിയവര്‍ക്കും, ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും, സഹോദരി സഹോദരന്മാര്‍ക്കും, കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിജയപരാജയങ്ങള്‍ എന്തുതന്നെയായാലും, നിങ്ങളുടെ സ്‌നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും.
തിരൂര്‍ … സ്‌നേഹം മാത്രം! ??




