സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെതാണ് നിര്‍ദേശങ്ങള്‍
ങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാര്‍ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. അത്തരം നടപടി കുട്ടികളില്‍ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിര്‍ദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയര്‍ത്തല്‍, പ്രവര്‍ത്തകരുടെ പെരുമാറ്റം മികവുറ്റതാക്കല്‍ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിര്‍ദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്.
ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാല്‍ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നല്‍കണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. അങ്കണവാടിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലസംഭരണി കൃത്യം ഇടവേളകളില്‍ വൃത്തിയാക്കണം. കുട്ടികള്‍ക്കു ശൗചാലയ പരിശീലനം നല്‍കണം. ശൗചാലയത്തില്‍ പോകേണ്ടിവന്നാല്‍ അവരെ ഭയപ്പെടുത്തരുത്. അങ്കണവാടി വീടുപോലെ തോന്നണം. രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ സത്യസന്ധമായി കൈമാറി പരാതിയൊഴിവാക്കണം. പരാതിയുണ്ടായാല്‍ അടിയന്തര പരിഹാരം കാണണമെന്നുമെല്ലാം നിര്‍ദേശത്തിലുണ്ട്.




