ആരാകും മുഖ്യമന്ത്രി? രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, തീരുമാനം ഇന്നറിയാം

അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.

അതേസമയം, രാഹുല്‍ ഗാന്ധി അല്‍പസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനില്‍ കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്A

Scroll to Top