കുമ്പളയില്‍ ‘ഗ്രാമവണ്ടി”ഓട്ടം നിര്‍ത്തി

കെഎസ്ആര്‍ടിസിക്ക് 7 ലക്ഷം രൂപ കുടിശ്ശിക, പ്രതിവര്‍ഷം പഞ്ചായത്തിന് പത്തുലക്ഷം രൂപയുടെ അധിക ബാധ്യത: കുമ്പളയില്‍ ‘ഗ്രാമവണ്ടി”ഓട്ടം നിര്‍ത്തി.ഗ്രാമീണ ജനത ദുരിതത്തില്‍.

കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ‘ഗ്രാമവണ്ടി” സര്‍വീസ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗതാഗത വകുപ്പും,കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി കൊട്ടിഘോഷിച്ചു തുടങ്ങിയ ബസ് സര്‍വീസാണ് ഇപ്പോള്‍ ഓട്ടം നിര്‍ത്തിയത്. ഡീസല്‍ ചാര്‍ജും, മറ്റു ഇനത്തിലും കഴിഞ്ഞ ഏഴുമാസമായി കുമ്പള ഗ്രാമ പഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ട 7 ലക്ഷത്തോളം രൂപ കുടിശ്ശികയായി നില്‍ക്കുന്നതിനാലാണ് കെഎസ്ആര്‍ടിസി ബസ് പിന്‍വലിക്കാന്‍ കാരണമായത്.

കുമ്പളയിലെ ഗ്രാമീണ മേഖലയില്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ റൂട്ടുകളില്‍ നിന്ന് വേണ്ടത്ര യാത്രക്കാരും, വരുമാനവും ഇല്ലാത്തതാണ് ഗ്രാമവണ്ടി സര്‍വീസ് തടസ്സപ്പെടാന്‍ കാരണമായത്. പഞ്ചായത്തിന് പ്രതിവര്‍ഷം 10 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്. കുടിശ്ശിക അടച്ചാല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നുണ്ട്.ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഈ ഗ്രാമ വണ്ടി കാസര്‍ഗോഡ്- കാഞ്ഞങ്ങാട് റൂട്ടില്‍ ഓര്‍ഡിനറി സര്‍വീസായി ഓടുന്നുണ്ട്.

കുമ്പള,പേരാല്‍, ബംബ്രാണ,കൊ ടിയമ്മ,കളത്തൂര്‍ തുടങ്ങിയ റൂട്ടുകളിലായിരുന്നു കുമ്പളയില്‍ ഗ്രാമ വണ്ടി സര്‍വീസ് നടത്തിയിരുന്നത്. കൂടുതല്‍ ഗ്രാമീണ പ്രദേശങ്ങളിലേക്ക് സര്‍വീസ് നീട്ടണമെന്ന് ആവശ്യം നാട്ടുകാര്‍ ആവശ്യപ്പെട്ടു വരുന്നതിനിടയിലാണ് ഇപ്പോള്‍ ബസ് ഓട്ടം നിലച്ചിരിക്കുന്നത്.

ഫോട്ടോ:ഓട്ടം നിലച്ച കുമ്പളയിലെ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ്.

Scroll to Top