കാലിഫോര്‍ണിയ: ടെക് ഭീമനായ ഗൂഗിള്‍ ഇപ്പോള്‍ ഭൂമിക്കും അപ്പുറത്ത് ഒരു ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ്. ബഹിരാകാശത്ത് ആദ്യത്തെ എഐ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിക്കുകയായിരുന്നു. ‘പ്രൊജക്റ്റ് സണ്‍കാച്ചര്‍’ (Google Project Suncatcher) എന്നാണ് ഈ ദൗത്യത്തിന് ഗൂഗിള്‍ പേരിട്ടിരിക്കുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്നെയാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഇതാ അതിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
എന്താണ് പ്രോജക്റ്റ് സണ്‍കാച്ചര്‍?
ഗൂഗിളിന്റെ പുതിയ ഗവേഷണമായ പ്രോജക്റ്റ് സണ്‍കാച്ചര്‍ പ്രകാരം, നിരവധി ചെറിയ ഉപഗ്രഹങ്ങളെ സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്ന താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്ക് (LEO) അല്ലെങ്കില്‍ സണ്‍-സിന്‍ക്രണസ് ഭ്രമണപഥത്തിലേക്ക് (SSO) അയയ്ക്കും. ഓരോ ഉപഗ്രഹത്തിലും സോളാര്‍ പാനലുകളും ഗൂഗിളിന്റെ ട്രിലിയം TPU-കളും (ടെന്‍സര്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍) ചിപ്പുകളും ഉണ്ടായിരിക്കും. ഇവ എഐ പരിശീലനത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തവയായിരിക്കും. ഈ ഉപഗ്രഹങ്ങളെല്ലാം ഫ്രീ-സ്‌പേസ് ഒപ്റ്റിക്കല്‍ ലിങ്കുകള്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ബന്ധിപ്പിക്കും. അതായത് ലേസര്‍ ലൈറ്റ് ഉപയോഗിച്ച് വയര്‍ലെസ് ആയി അതിവേഗ ഡാറ്റാ കൈമാറ്റം നടക്കും. പ്രാരംഭ പരീക്ഷണങ്ങളില്‍ ഗൂഗിള്‍ 1.6 ടിബിപിഎസ് ദ്വിദിശ വേഗത കൈവരിക്കുന്നതായി കാണിക്കുന്നു. 81 ഉപഗ്രഹങ്ങളുടെ ക്ലസ്റ്റര്‍ വെറും 1 കിലോമീറ്റര്‍ ചുറ്റളവില്‍ വിന്യസിക്കപ്പെടുമെന്നും ഇത് വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഡാറ്റാ കൈമാറ്റം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു.
കേള്‍ക്കുമ്പോള്‍ അനായാസമായി തോന്നാമെങ്കിലും വളരെ സങ്കീര്‍ണമായ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഗൂഗിളിന്റെ പ്രോജക്റ്റ് സണ്‍കാച്ചറിനുണ്ട്. പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കുന്ന നിരവധി സാങ്കേതിക വെല്ലുവിളികളാണ് ഗൂഗിളിന് മുമ്പിലുള്ളത്. ഉപഗ്രഹങ്ങള്‍ക്ക് ബഹിരാകാശത്ത് ഉയര്‍ന്ന വേഗതയില്‍ പരസ്പരം കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയണം എന്നതാണ് പ്രോജക്റ്റ് സണ്‍കാച്ചറില്‍ മുഖ്യം. അതേസമയം, നിലവിലുള്ളതിനേക്കാള്‍ വളരെ അടുത്തും ആയിരിക്കണം ഈ ശ്രേണിയിലെ ഉപഗ്രഹങ്ങള്‍. പ്ലാനറ്റ് എന്ന കമ്പനിയുമായി സഹകരിച്ച് 2027-ഓടെ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്തുകൊണ്ടാണ് ഗൂഗിള്‍ ബഹിരാകാശത്ത് ഒരു ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നത്?
എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് വന്‍തോതിലുള്ള വൈദ്യുതിയും തണുപ്പിക്കലും ആവശ്യമാണ്. ഭൂമിയിലെ വൈദ്യുതി, വെള്ളം എന്നീ പരിമിതികള്‍ കാരണം ഇത് വലിയ ബുദ്ധിമുട്ടാകുന്നു. നമ്മുടെ സൗരയൂഥത്തിലെ ആത്യന്തിക ഊര്‍ജ്ജ സ്രോതസ്സാണ് സൂര്യന്‍ എന്നും ഭൂമിയുടെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തേക്കാള്‍ 100 ട്രില്യണ്‍ മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം സൂര്യന്‍ ഉത്പാദിപ്പിക്കുന്നു എന്നും ഗൂഗിളിലെ സീനിയര്‍ ഡയറക്ടര്‍ ട്രാവിസ് ബീല്‍സ് പറയുന്നു.പ്രോജക്റ്റ് സണ്‍കാച്ചര്‍, ഗൂഗിളിന്റെ ബഹിരാകാശ ഡാറ്റാ സെന്റര്‍ സ്വപ്നം; എഐ ചിപ്പുകളുടെ ആകാശ വിസ്മയം




