; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ
എല്‍ഡിഎഫ് എ സി മൊയ്തീനെയും എല്‍ഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു
തിരുവനന്തപുരം: 16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 101 വോട്ട് നേടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് എ സി മൊയ്തീനേയും എല്‍ഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളില്‍ 139 പേര്‍ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് രേഖപ്പെടുത്തിയില്ല.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിനന്ദിച്ച് സംസാരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭാ പ്രവര്‍ത്തന ചരിത്രം ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ അനുമോദന പ്രസംഗം. സുദീര്‍ഘമായ പ്രവര്‍ത്തന പരിചയമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവ പരിചയവും വൈവിധ്യമാര്‍ന്ന അനുഭവ പശ്ചാത്തലമുണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പരിരക്ഷിക്കും വിധം ആകട്ടെ പ്രവര്‍ത്തനമെന്നും അങ്ങനെ ഉണ്ടാകും എന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയറായി സ്പീക്കര്‍ മാറാതിരിക്കട്ടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നും പിണറായി വിജയന്‍ പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സ്പീക്കറെ അനുമോദിച്ച് പ്രസംഗിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍ എട്ടാമത് തവണയാണ് നിയമസഭയില്‍ എത്തുന്നത്. കോട്ടയത്ത് നിന്നാണ് ഇത്തവണ തിരുവഞ്ചൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ അടൂരില്‍ നിന്നും നാല് തവണ കോട്ടയത്തും നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1991 മുതല്‍ നിയമസഭാംഗമാണ്. രണ്ട് തവണ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായും പ്രവൃത്തിച്ചിരുന്നു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ കൂടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍




